പെരുന്പാവൂർ: കാപ്പ നിയമപ്രകാരം അറസ്റ്റിലായി. നെടുങ്ങപ്ര കൊച്ചങ്ങാടി കല്ലിടുന്പിൽ അമൽ (24) ആണ് ജില്ലാ കളക്ടറുടെ ഉത്തരവിനെത്തുടർന്ന് കാപ്പ നിയമത്തിലെ മൂന്നാം വകുപ്പുപ്രകാരം അറസ്റ്റിലായത്. അങ്കമാലി, കോതമംഗലം, കുറുപ്പംപടി സ്റ്റേഷനുകളിലായി അടിപിടി, വധശ്രമം, ക്വട്ടേഷൻ കേസുകളിൽ പ്രതിയായ ഇയാളെ വിയ്യൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. കാപ്പ നിയമപ്രകാരം പ്രതിക്ക് ജാമ്യം കിട്ടാതെ ആറുമാസം തടവിൽ കഴിയേണ്ടി വരും.
ഇയാൾക്കെതിരേ കാപ്പ നിയമപ്രകാരം നടപടിയെടുക്കാൻ നേരത്തേ ശിപാർശ നൽകിയിരുന്നെങ്കിലും പ്രതിയുടെ പ്രായം പരിഗണിച്ച് കളക്ടർ ശിപാർശ മടക്കി അയക്കുകയായിരുന്നു. പിന്നീട് അരുവപ്പാറയിൽ സുനി വധക്കേസിൽ ഇയാൾ ഒന്നാംപ്രതി ആയതോടെയാണ് കളക്ടകർ നടപടി കൈക്കൊണ്ടത്.
കുറുപ്പംപടി എസ്ഐ പി.എം. ഷമീറിന്റെ നേതൃത്വത്തിൽ തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടർ തടവിനുള്ള ഉത്തരവ് പുറപ്പെടുപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെ അറസ്റ്റുചെയ്ത ഇയാളെ നടപടികൾ പൂർത്തിയാക്കി ഉച്ചയോടെ വിയ്യൂർ സെൻട്രൻ ജയിലിലേക്ക് മാറ്റുകയായിരുന്നു.