പത്തനംതിട്ട: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ രണ്ടുപേരെക്കൂടി കാപ്പാ (കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം) നിയമപ്രകാരം അറസ്റ്റ് ചെയ്ത്, തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലടച്ചു.
തിരുവല്ല പാലിയേക്കര കുരിശുകവലയ്ക്ക് സമീപം ശങ്കരമംഗലത്ത് താഴ്ചയില്‍ രാഹുല്‍ മനോജ് (കൊയിലാണ്ടി രാഹുല്‍ – 25), അടൂര്‍ പറക്കോട് ഇജാസ് മന്‍സിലില്‍ ഇജാസ് റഷീദ് (23) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടര്‍ കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
തിരുവല്ല, കീഴ്വായ്പൂര്, പുളിക്കീഴ്, കോട്ടയം ഈസ്റ്റ്, അടൂര്‍, പന്തളം എന്നീ പോലീസ് സ്റ്റേഷനുകളില്‍ വധശ്രമം, അടിപിടി, വീടുകയറി ദേഹോപദ്രവം ഏല്പിക്കല്, മാരകയുധം ഉപയോഗിച്ചുള്ള ആക്രമണം, വീട് ആക്രമണം, വാഹനം നശിപ്പിക്കല്‍, മോഷണം, കവര്‍ച്ച, മുളകുസ്പ്രേ ഉപയോഗിച്ച് ആക്രമണം, സ്ത്രീകളെ ഉപദ്രവിക്കല്‍, കഞ്ചാവ് കടത്ത് തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതിയാണ് ഇവരെന്നു പോലീസ് പറഞ്ഞു.
പോലീസ് ഇന്‍സ്പെക്ടര്‍ പി.എസ്. വിനോദ്, എസ്ഐ കുരുവിള സക്കറിയ, സിപിഒ ജോജോ എന്നിവരടങ്ങിയ സംഘം തെന്മലയില് നിന്നാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.
അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ റ്റി.ഡി. പ്രജീഷ്, സബ് ഇന്‍സ്പെക്ടര്‍ വിപിന്‍ കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സൂരജ് ആര്. കുറുപ്പ്, റ്റി. പ്രവീണ്‍, അമല്‍ എന്നിവരടങ്ങിയ സംഘമാണ് ഇജാസ് റഷീദിനെ അറസ്റ്റു ചെയ്തത്.