ഹരിപ്പാട്: പതിനേഴു വർഷത്തിനുള്ളിൽ പതിനേഴോളം കേസിൽ പ്രതി, ഒടുവിൽ കാപ്പ ചുമത്തി ജയിലിൽ അടച്ചു. ചെറുതന വില്ലേജിൽ ചെറുതന വടക്കും മുറിയിൽ സൗപർണിക വീട്ടിൽ അഭിജിത്തി(35)നെയാണ് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്.
2005 മുതൽ ഹരിപ്പാട്, മാന്നാർ, കായംകുളം, അടൂർ, ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, പോക്സോ, കഠിന ദേഹോപദ്രവം, കഞ്ചാവ് കൈവശം വയ്ക്കൽ തുടങ്ങിയ 15ൽ പരം കേസുകളിൽ പ്രതിയാണ്.
ക്വട്ടേഷൻ മയക്കുമരുന്നു മാഫിയ തുടങ്ങിയവരുമായും ബന്ധമുണ്ട്. അഞ്ചുമാസം മുൻപ് മാന്നാർ സ്റ്റേഷനിൽ ഒന്നര കിലോ കഞ്ചാവുമായി പിടിച്ചിരുന്നു. ഒരു സ്ഥലത്തോ സ്വന്തം വീട്ടിലോ സ്ഥിരമായി താമസിക്കാറില്ല.
വാടക വീടുകളിലും ലോഡ്ജുകളിലും റിസോർട്ടുകളിലും പല ജില്ലകളിലായി റൂമെടുത്ത് ആർഭാട ജീവിതം നയിക്കുകയാണ് പ്രതിയുടെ പതിവ്.
സ്വന്തം പേരിലുള്ള സിം കൂട്ടുകാരുടെ കൈയിൽ കൊടുത്തു ആ സിം ഓണാക്കി വയ്ക്കുകയും പകരം പല പെൺകുട്ടികളുടെയും മറ്റും അഡ്രസിലുള്ള സിം ആണ് ഇയാൾ ഉപയോഗിച്ചിരുന്നത്.
ഇത് പോലീസ് പിന്തുടരുന്നത് ഒഴിവാക്കാനായിരുന്നു. ഇത് മനസിലാക്കിയ പോലീസ് സുഹൃത്തുക്കളെയും ക്വട്ടേഷൻ മയക്കുമരുന്ന് മാഫിയകളെയും കാണാൻ വരുന്ന സ്ഥലങ്ങളിലും ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്ഥലങ്ങളിലും വേഷം മാറി നിന്നാണ് പിടികൂടിയത്.
ഹരിപ്പാട് എസ്എച്ച്ഒ ശ്യാംകുമാർ, എസ്ഐ സവ്യസാചി, പോലീസ് ഉദ്യോഗസ്ഥരായ സബീന, നിഷാദ്, സിദ്ധീഖുൾ അക്ബർ, സുജിത് ശ്രീജ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അതിവിദഗ്ധമായി മാന്നാറിൽ നിന്നും പിടികൂടിയത്.