മാവേലിക്കര: ജയിലിനു മുന്നിൽനിന്നു രക്ഷപ്പെട്ട കാപ്പ ചുമത്തി കുറത്തികാട് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ നാലു മണിക്കൂറിനുള്ളിൽ പിടികൂടി.
കറ്റാനം ഭരണിക്കാവ് തെക്ക് മനീഷ് ഭവനം മനീഷ് (കാനി-19) ആണു മാവേലിക്കര സബ് ജയിലിനു മുന്നിൽനിന്നു സിവിൽ പോലീസ് ഓഫിസർമാരെ തള്ളിമാറ്റി ഓടിരക്ഷപ്പെട്ടത്.
ഇന്നലെ രാത്രി ആറരയോടെയായിരുന്നു സംഭവം. ലഹരിമരുന്ന് വിൽപ്പന, വധശ്രമം എന്നീ വകുപ്പുകളിൽ മാന്നാർ കുറത്തികാട് സ്റ്റേഷനുകളിൽ കേസുകളുള്ള ഇയാളെ ആലപ്പുഴ ജില്ലയിൽ പ്രവേശിക്കുന്നതിൽനിന്നു വിലക്കി കഴിഞ്ഞ നവംബർ 19ന് എറണാകുളം ഡിഐജി നീരജ് കുമാർ ഗുപ്ത ഉത്തരവായിരുന്നു.
ഇതിനുശേഷം കഴിഞ്ഞ ഡിസംബർ 12 ന് ഭരണിക്കാവിൽ കാണപ്പെട്ട പ്രതിയെ കുറത്തികാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു റിമാൻഡിൽ കഴിയവേ ഡിസംബർ 28 ന് ജാമ്യം ലഭിച്ച മനീഷ് വിലക്ക് ലംഘിച്ചു ഇന്നലെ വീടിനു സമീപമെത്തി.
ഇതറിഞ്ഞെത്തിയ കുറത്തികാട് പോലീസ് മനീഷിനെ വീണ്ടും അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതിനെ തുടർന്നു രാത്രിയിൽ ജയിലിലേക്ക് എത്തിച്ചപ്പോഴാണു പ്രതി രക്ഷപ്പെട്ടത്.
ജയിലിന്റെ വാതിൽ തുറക്കുന്നതു കാത്തു നിൽക്കവേ സിവിൽ പോലീസ് ഓഫീസർമാരായ അജീഷ്, സതീഷ് എന്നിവരെ തള്ളി മറിച്ചിട്ടശേഷം മനീഷ് ഓടി രക്ഷപ്പെടുകയായിരുന്നു.
നാല് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ കോടതി ജംഗ്ഷന് സമീപത്തെ ആൾത്താമസമില്ലാത്ത ടെറസിൽ നിന്ന് പിടികൂടുകയായിരുന്നു.