കോട്ടയം: ക്രിമിനൽ കേസുകൾ കൂടിവന്നപ്പോൾ പ്രതികളോട് പോലീസ് ഉത്തരവിട്ടു, കടക്ക് പുറത്ത്! ജില്ലയിലെ കുപ്രസിദ്ധ ഗുണ്ട അലോട്ടിയുടെ സംഘാംഗവും നിരവധി കേസുകളിൽ പ്രതികളുമായ മൂന്നു പേരെ ഒരു വർഷത്തേക്ക് കാപ്പ ചുമത്തി നാടുകടത്തി.
മുടിയൂർക്കര കുന്നുകാലായിൽ പ്രദീപ് (പാണ്ടൻ പ്രദീപ്-28), മാന്നാനം അമലഗിരി ഗ്രേസ് കോട്ടേജിൽ സിബി ജി.ജോണ് (അമ്മഞ്ചേരി സിബി -39), ആർപ്പൂക്കര കോലേട്ടന്പലം പാലത്തൂർ ടോമി ജോസഫ് (24) എന്നിവരെയാണ് കാപ്പാ ചുമത്തി ജില്ലയിൽ നിന്നു നാടുകടത്തിയത്.
കുറ്റവാളികളിൽ ഒരാളായ ടോമി ജോസഫ് അലോട്ടിയുടെ വലംകൈയാണ്. അമ്മഞ്ചേരി സിബി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പണം വച്ച് ചീട്ടുകളി, ബ്ലേഡ് പലിശയ്ക്ക് പണമിടപാട് എന്നിവ നടത്തുന്നയാളുമാണ്.
പിടിച്ചുപറി, ദേഹോപദ്രവം, കൊലപാതകശ്രമം, ആയുധങ്ങളുമായി സംഘം ചേർന്ന് ആക്രമിച്ച് പരിക്കേൽപ്പിക്കുക തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതികളായ ഇവർക്കെതിരെ മുന്പും കാപ്പാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ജില്ലയിലെ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലും സമീപ സ്റ്റേഷനുകളിലും നിരവധി കേസുകൾ ഇവരുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജില്ലാ പോലീസ് ചീഫിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഡിഐജിയാണ് ഇവരെ ജില്ലയിൽ നിന്നും നാടു കടത്തി ഉത്തരവായത്.