പത്തനംതിട്ട: കാട്ടുപന്നിയെ ക്ഷുദ്രജീവി ഗണത്തില്‍പെടുത്തി നശിപ്പിക്കാന്‍ അനുമതി വേണമെന്നാവശ്യവുമായി വര്‍ഷങ്ങളായി പോരാട്ടത്തിലുള്ള മലയോര കര്‍ഷകര്‍ക്കു തിരിച്ചടിയായി പന്നി എലിയെ സംരക്ഷിത പട്ടികയില്‍പെടുത്തി പുതിയ വിജ്ഞാപനം.
1972ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ഉത്തരവിലാണ് പന്നി എലിയും കുട്ടനാടന്‍ കാക്കയുമെല്ലാം സംരക്ഷിത ഗണത്തിലേക്കു മാറിയത്.
മുമ്പ് ഇവ ശല്യക്കാരെന്നു കണ്ടെത്തി കൊല്ലാനുള്ള അനുമതി നല്‍കിയിരുന്നു. നിലവില്‍ വംശനാശം നേരിടുന്നുവെന്ന പേരിലാണ് വിജ്ഞാപനം പുതുക്കി ഇറക്കിയത്.
വന്യജീവി സംരക്ഷണ നിയമത്തിന്റെ അഞ്ചാം ഷെഡ്യൂളിലായിരുന്ന ക്ഷുദ്രജീവികളായിരുന്നു ഇവ. പുതിയ ഭേദഗതിപ്രകാരം കുട്ടനാടന്‍ കാക്ക, വവ്വാൽ, എലി ഇവയെല്ലാം രണ്ടാം ഷെഡ്യൂളിലേക്കു മാറി.
ഇനി ഇവ സംരക്ഷിത പട്ടികയിലായതിനാല്‍ നശിപ്പിക്കണമെങ്കില്‍ പ്രത്യേക അനുമതി തേടേണ്ടിവരും. നിലവിലെ സാഹചര്യത്തില്‍ ഇത്തരമൊരു അനുമതി ലഭിക്കാന്‍ കടമ്പകളേറെയാണ്. നിയമം ലംഘിച്ചാല്‍ മൂന്നു വര്‍ഷം വരെ തടവും പിഴയുമാണ് നിയമം പറയുന്ന ശിക്ഷ.
കാട്ടുപന്നിയും സംരക്ഷിതൻ
നാടിറങ്ങിയ കാട്ടുപന്നി വന്‍തോതില്‍ പെരുകി സാധാരണ ജനജീവിതത്തിനുതന്നെ ഭീഷണി ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ ഇവയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാന്‍ അനുമതി തേടി കേരളം നിരവധി അപേക്ഷകളാണ് കേന്ദ്രത്തിനു നല്‍കിയത്.
കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ പട്ടികയില്‍ സംരക്ഷിത മൃഗങ്ങളുടെ പട്ടികയിലാണ് കാട്ടുപന്നി ഇപ്പോഴും. ഇവയെ ക്ഷുദ്രജീവിയുടെ ഗണത്തിലേക്കു മാറ്റണമെങ്കില്‍ സംസ്ഥാനം പ്രത്യേക അനുമതി തേടുകയും കേന്ദ്രം ഇത് അനുവദിക്കുകയും വേണം.
ഈ അപേക്ഷയുമായി കേരളം നടക്കാന്‍ തുടങ്ങിയിട്ട് രണ്ടു വര്‍ഷത്തിലേറെയായി. വിവിധ തദ്ദേശസ്ഥാപനങ്ങളില്നിന്നടക്കം കാട്ടുപന്നി ശല്യംമൂലമുള്ള റിപ്പോര്‍ട്ടുകള്‍കൂടി ഉള്‍പ്പെടുത്തിയാണ് അപേക്ഷ നല്‍കിയത്.
എന്നാല്‍, തദ്ദേശസ്ഥാപനങ്ങള്‍ ഇടപെട്ട് ഇവയെ നിയന്ത്രിക്കാനുള്ള മറുപടിയാണ് കേന്ദ്രം നല്‍കിയത്. സംരക്ഷിത പട്ടികയിലുള്ളവയുടെ ഷെഡ്യൂള്‍ മാറ്റത്തിനു കേന്ദ്രാനുമതി എളുപ്പമാകില്ല.
എലിയുടെ ശല്യം
കിഴങ്ങുവര്‍ഗങ്ങള്‍ കൃഷി ചെയ്യുന്നവരാണ് എലിയുടെ ശല്യം ഏറെ നേരിടുന്നത്.കാട്ടുപന്നിയും കിഴങ്ങു വര്‍ഗങ്ങള്‍ക്കു ഭീഷണിയാണ്. എലിയുടെ ശല്യം ഒഴിവാക്കാന്‍ വിഷം വച്ച് ഇവയെ കൊല്ലുന്നതായിരുന്നു രീതി.
നിയമപ്രശ്നം ഇനിയുമുണ്ടാകുമോയെന്ന ഭയമാണ് കര്‍ഷകര്‍ക്കുള്ളത്. മരച്ചീനി, ചേമ്പ് തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങള്‍ കൃഷി ചെയ്യുന്നവരെയാണ് പുതിയ നിയമഭേദഗതി ദോഷകരമായി ബാധിക്കുന്നത്.