മാന്നാർ: ഒരു മൂട്ടിൽനിന്ന് വിളവെടുത്തത് 35 കിലോ കപ്പ. ഒരു മൂടിൽനിന്ന് ലഭിച്ച മൂന്നു കിഴങ്ങുകളിലായിട്ടാണ് 35 കിലോ ലഭിച്ചത്. ഇതിലെ ഭീമൻ കിഴങ്ങിന് പന്ത്രണ്ടര കിലോ തൂക്കവും ഒന്നരമീറ്റർ നീളവും.
മാന്നാർ പഞ്ചായത്ത് കുരട്ടിക്കാട് കുന്നക്കല്‍ വീട്ടില്‍ ശ്രീലാലാണ് ഭീമൻ കപ്പ വിളവെടുത്തത്. ചാരവും ചാണകവുമല്ലാതെ പ്രത്യേകിച്ച് വളങ്ങളൊന്നും ശ്രീലാൽ ഉപയോഗിക്കാറില്ല. പതിനഞ്ചോളം കപ്പത്തണ്ടുകളായിരുന്നു.
അതിൽ മൂന്നു മൂടുകളിലും ഭീമൻ കപ്പകൾ വിളവെടുക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഈ യുവ കർഷകൻ. ജോലിസ്ഥലത്തായാലും താമസസ്ഥലത്തായാലും കൃഷി എന്നും ശ്രീലാലിനു ഹരമാണ്.
ജൈവകൃഷിയാണ് ശ്രീലാൽ അവലംബിച്ചിരിക്കുന്നത്. വിളവെടുക്കുമ്പോൾ സുഹൃത്തുകൾക്കും അയൽവാസികൾക്കും ഒരുപങ്ക് നൽകാനും ശ്രീലാൽ മറക്കാറില്ല.
തക്കാളി, വെണ്ട, പാവൽ, പച്ചമുളക്, വെള്ളരി തുടങ്ങിയ പച്ചക്കറികളും ഇഞ്ചി, മഞ്ഞൾ തുടങ്ങിയ പലവ്യഞ്ജനങ്ങളും കച്ചോലം, കൊടുവേലി, കൊതുപ്പുല്ല്, രാമച്ചം, ആടലോടകം തുടങ്ങിയ ആയുർവേദ മരുന്നുകളും നാടൻ മത്സ്യസമ്പത്ത് നിറഞ്ഞ കുളവും ഉൾപ്പെട്ടതാണ് ശ്രീലാലിന്റെ കൃഷിഭൂമി.
ചെന്നിത്തല മഹാത്മാ ഹയര്‍ സെക്കൻഡറി സ്കൂളില്‍ ജൂണിയര്‍ ക്ലര്‍ക്കായി ജോലി ചെയ്യുന്ന ശ്രീലാലിന്റെ വീടിനോട് ചേർന്ന പറമ്പിലാണ് കൃഷി ചെയ്യുന്നത്.
കാച്ചിലും ചേനയും ചേമ്പും എല്ലാം പടര്‍ന്നു പന്തലിച്ച് നിൽക്കുന്ന പറമ്പിൽ ഞാലിപ്പൂവൻ, കൂമ്പില്ലാകണ്ണന്‍, ചെങ്കദളി തുടങ്ങിയ വാഴകളും കുലച്ച് നില്പുണ്ട്.
പിതാവ് റിട്ട. മിലിട്ടറി ഉദ്യോഗസ്ഥന് ശ്രീധരന്പിള്ളയില്നിന്നു പകര്‍ന്നുകിട്ടിയതാണു കൃഷിയോടുള്ള ശ്രീലാലിന്റെ അഭിനിവേശം. മാന്നാര്‍ ഗവണ്മെന്റ് എല്‍പി സ്കൂളിലെ റിട്ട. അധ്യാപിക പരേതയായ രത്നമ്മയാണ് അമ്മ.