കോട്ടയം: കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലം മുതലാണ് എല്ലാവരും കൃഷിയിലേക്കു തിരിഞ്ഞത്. കൂടുതലും കപ്പകൃഷിയായിരുന്നു. ഇതോടെ നാട്ടിൻ പുറങ്ങളിൽ കപ്പ സുലഭമായി. ഇത്തവണയും വ്യാപകമായി കർഷകർ കപ്പ കൃഷി ചെയ്തിട്ടുണ്ട്. ഇതോടെ കപ്പയുടെ വിലയും ഇടിഞ്ഞു.
കപ്പ കർഷകരെ സഹായിക്കാൻ ഉണക്കുകപ്പ റേഷൻ കിറ്റിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എരുമേലി കണമല ബാങ്കാണ് ഇങ്ങനെയൊരു പദ്ധതി അവതരിപ്പിച്ചത്.
സർക്കാർ തലത്തിൽ പദ്ധതിയെത്തിയെങ്കിലും വേണ്ട പരിഗണന കിട്ടിയിട്ടില്ല. ഉണക്കുകപ്പ സർക്കാരിന്റെ റേഷൻ കിറ്റിൽ ഉൾപ്പെടുത്തി കപ്പ കർഷകരെ സഹായിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന വിവിധ കർഷക സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്.
ടണ്‍ കണക്കിനു പച്ചക്കപ്പ എത്തിയതോടെ എന്തു ചെയ്യണമെന്നറിയാതെ ഹോർട്ടി കോർപ്
കോട്ടയം: ഹോർട്ടികോർപിന്റെ പച്ചക്കറി സംഭരണം ജില്ലയിൽ ആരംഭിച്ചു. ടണ്‍ കണക്കിനു പച്ചക്കപ്പ എത്തിയതോടെ എന്തു ചെയ്യണമെന്നറിയാതെ ഹോർട്ടി കോർപ്.
ലോക്ഡൗണ്‍കാലത്ത് വിളവെടുത്ത് വിൽപന നടത്താനാകാതെ പ്രതിസന്ധിയിലായ കർഷകരെ സഹായിക്കുന്നതിനായി കൃഷിവകുപ്പാണ് ഹോർട്ടികോർപ് മുഖാന്തിരം പച്ചക്കറി സംഭരണം ആരംഭിച്ചത്.
ഇതിനായി ജില്ലയിൽ ഹെൽപ് ഡെസ്കും തുറന്നു. ഇന്നലെ രാവിലെ ആറു മുതൽ ഹെൽപ് ഡെസ്കിലേക്ക് തുടർച്ചായി കർഷകരുടെ ഫോണ്‍ കോൾ വന്നിരുന്നു.
കപ്പയുണ്ട് സംഭരിക്കാമോ എന്നായിരുന്നു ചോദ്യം. ചെറിയ അളവൊന്നുമല്ല അഞ്ചു മുതൽ 25 ടണ്‍വരെ കപ്പയുണ്ട് സംഭരിക്കണമെന്നാണു കർഷകരുടെ ആവശ്യം.
പച്ചക്കറി സംഭരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കർഷകനും വിളിച്ചില്ല. വാഴക്കുലകൾക്കായി ഏതാനും കർഷകർ വിളിച്ചു. ഹോർട്ടികോർപിന് സംഭരണ ശാലയുണ്ടെങ്കിലും കപ്പ വൻതോതിൽ സംഭരിക്കാൻ പറ്റില്ല.
കപ്പ കേടായി പോകും. അതിനാൽ 400 കിലോ വരെ മാത്രമാണ് സംഭരിച്ചത്. സാധാരണ ഹോർട്ടികോർപ് സംഭരിക്കുന്ന പച്ചക്കറികൾ ജില്ലാ ജയിൽ, വർക്കിംഗ് വിമൻസ് ഹോസ്റ്റൽ, സഹകരണ സംഘങ്ങൾ എന്നിവയ്ക്കാണ് നൽകി വന്നിരുന്നത്.
ലോക്ഡൗണ്‍ കാലമായതിനാൽ ഇവിടങ്ങളിലൊന്നും കാര്യമായ സാധങ്ങൾ വേണ്ട. ഇതോടെ സംഭരിച്ച കപ്പ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് ഹോർട്ടികോർപ് അധികൃതർ.
കപ്പസംഭരണം എങ്ങനെ നടത്തണമെന്നും സംഭരിച്ച കപ്പ എന്തു ചെയ്യണമെന്നും തീരുമാനിക്കാനായി ഹോർട്ടികോർപ് അധികൃതർ ഇന്ന് ഉന്നതതല യോഗം ചേരും.
കാലീത്തീറ്റ ഫാക്ടറികൾ, കപ്പകൊണ്ടു വിവിധ ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന സ്ഥാപനങ്ങൾ എന്നിവയ്ക്ക് നൽകാനാണ് ധാരണ. സർക്കാർ നിശ്ചയിച്ച് അടിസ്ഥാനവില ഉറപ്പാക്കിയാണ് സംഭരണം നടക്കുന്നത്.