ന്യൂഡൽഹി: കേന്ദ്രം ദേശീയ ജൈവ ഇന്ധന നയം അംഗീകരിച്ചു. കേടായ ഭക്ഷ്യധാന്യങ്ങൾ, മരച്ചീനി, ഉരുളക്കിഴങ്ങ്, ചോളം, മധുരക്കിഴങ്ങ്, മക്കച്ചോളം തുടങ്ങിയവയിൽനിന്നുള്ള എഥനോളും പെട്രോളിൽ ചേർക്കാൻ അനുവദിച്ചതാണു പ്രധാന മാറ്റം.
ഇതുവരെ കരിന്പിൽനിന്നുള്ള എഥനോൾ മാത്രമേ പെട്രോളിൽ ചേർക്കാമായിരുന്നുള്ളൂ.
ജൈവ ഇന്ധനങ്ങളെ മൂന്നു വിഭാഗമായി തിരിക്കുന്നതാണു കാബിനറ്റ് ഇന്നലെ അംഗീകരിച്ച നയം. ഒന്നാം തലമുറ ഇന്ധനങ്ങളിൽ മൊളാസസിൽനിന്നുള്ള എഥനോൾ, ഭക്ഷ്യേതര എണ്ണക്കുരുക്കളിൽനിന്നുള്ള ജൈവ ഡീസൽ എന്നിവ പെടുന്നു. രണ്ടാം തലമുറയിൽ മുനിസിപ്പൽ ഖരമാലിന്യങ്ങളിൽനിന്നുണ്ടാകുന്ന എഥനോൾ പെടും. മൂന്നാം തലമുറയിൽ ജൈവ സിഎൻജി പെടുന്നു.
പുതിയ നയം ഇക്കൊല്ലം തന്നെ ഇറക്കുമതിച്ചെലവിൽ 4000 കോടി രൂപയുടെ നേട്ടം ഉണ്ടാക്കുമെന്നു ഗവൺമെന്റ് കരുതുന്നു. ഒരു ലിറ്റർ ജൈവ എഥനോൾ പെട്രോളിൽ ചേർത്താൽ 28 രൂപയുടെ വിദേശനാണ്യമാണു ലാഭിക്കുക. ഇക്കൊല്ലം 150 കോടി ലിറ്റർ എഥനോൾ ഉത്പാദിപ്പിക്കുമെന്നാണു പ്രതീക്ഷ.
പുതിയ നയം ഉത്തരേന്ത്യയിൽ വ്യാപകമായ പാടം കത്തിക്കൽ കുറയ്ക്കും. മിച്ച ധാന്യങ്ങൾ എഥനോൾ നിർമാണത്തിന് ഉപയോഗിക്കുന്നതു മലിനീകരണവും കുറയ്ക്കും.
പട്ടണങ്ങളിലെ ഖരമാലിന്യത്തിൽനിന്നു ജൈവ ഇന്ധനം ഉണ്ടാക്കുന്ന പ്ലാന്റുകൾ തുടങ്ങുന്നവർക്കു പ്രവർത്തനം ലാഭകരമാക്കാൻ വേണ്ട സബ്സിഡി നല്കും. എണ്ണക്കന്പനികൾ രാജ്യത്തു 12 പ്ലാന്റുകൾ സ്ഥാപിക്കുന്നുണ്ട്. 10,000 കോടി രൂപയാണ് ഇതിനു വേണ്ട ചെലവ്.
പ്രതിദിനം ഒരുലക്ഷം ലിറ്ററിന്റെ പ്ലാന്റ് നിർമിക്കാൻ 800 കോടി രൂപയാണു മതിപ്പുചെലവ്. രാജ്യത്തു പ്രതിവർഷം 620 ലക്ഷം ടൺ ഖരമാലിന്യം ഉണ്ടാകുന്നതായാണു കണക്ക്.