കോട്ടയം: കർഷകർ കപ്പ കൃഷി ഉപേക്ഷിക്കുന്നു. കഴിഞ്ഞ രണ്ടു വർഷമായി തുടരുന്ന വിലയിടിവും ഉത്പാദനത്തിനുണ്ടാകുന്ന അധിക ചെലവും മൂലമാണ് കപ്പ കർഷകർ കൃഷി ഉപേക്ഷിക്കാൻ ഒരുങ്ങുന്നത്.
രണ്ട് വർഷം മുന്‍പ് ഒരു കിലോഗ്രാം കപ്പയ്ക്ക് 20 രൂപായ്ക്ക് മുകളിൽ ലഭിച്ചിരുന്നു. ഇപ്പോൾ ലഭിക്കുന്നത് 10 രൂപയിൽ തഴെയാണ്. വാങ്ങാൻ ആളില്ലാതെ നിരവധി കപ്പ തോട്ടങ്ങൾ കാടുപിടിച്ച് കിടക്കുകയാണ്.
ലോക്ക് ഡൗണ്‍ കാലത്ത് എറ്റവും അധികം ആളുകൾ കൃഷി ചെയ്തത് കപ്പയായിരുന്നു. കുറഞ്ഞ ചെലവും അധികം പരിചരണം വേണ്ട എന്നതും രോഗബാധയില്ല എന്നതുമാണ് കൃഷി വ്യാപിക്കാൻ കാരണമായത്.
എന്നാൽ കപ്പ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ മലായാളികൾക്കിടയിൽ വലിയ കുറവ് വന്നിട്ടുണ്ട്. പ്രമേഹ രോഗികളുടെ എണ്ണത്തിൽ ഉണ്ടായ വർധനവും പുതുതലമുറയ്ക്ക് കപ്പയോടുള്ള താൽപ്പര്യക്കുറവും തേങ്ങയുടെ വില വർധനവും കപ്പയുടെ ഉപയോഗത്തിൽ കുറവുണ്ടാക്കി. കർഷകരുടെ കപ്പ സംഭരിക്കും എന്ന സർക്കാർ വാഗ്ദാനവും നടപ്പായില്ല.
പുതു തലമുറയ്ക്ക് കപ്പയോടുള്ള പ്രിയം വർധിപ്പിക്കാൻ ആംഗൻവാടികളിലും സ്കൂളുകളിലും വിദ്യാർത്ഥികൾക്ക് നൽകുന്ന സൗജന്യ ഭക്ഷണത്തിൽ കപ്പ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കുമെന്ന് കർഷക കോണ്‍ഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് പറഞ്ഞു.