കടുത്തുരുത്തി: പച്ചക്കപ്പ വില റോക്കറ്റ് പോലെ കുതിക്കുന്നു. വിലത്തകർച്ചയെത്തുടർന്ന് കപ്പക്കൃഷിയിൽനിന്നു കർഷകർ കൂട്ടമായി പിന്മാറിയതോടെ പച്ചക്കപ്പ നാട്ടിൽ കിട്ടാനില്ല.
വില 20 രൂപയിൽനിന്ന് 50 ഉം മറികടന്ന് മുകളിലേക്ക്. പെരുവ, കുറുപ്പന്തറ, കോതനല്ലൂർ, കടുത്തുരുത്തി എന്നിവിടങ്ങളിലെല്ലാം 40 മുതൽ 53 രൂപ വരെയാണ് ഒരു കിലോ കപ്പയുടെ നിലവിലെ വില.
രണ്ടുമാസം മുൻപ് വരെ 20 മുതൽ 30 രൂപ വരെ വിലയുണ്ടായിരുന്നിടത്തുനിന്നാണ് അന്പതിലേക്കും അതിനു മുകളിലേക്കും വില കുതിക്കുന്നത്.
മുൻകൂട്ടി ബുക്ക് ചെയ്യണം
കപ്പ കിട്ടണമെങ്കിൽതന്നെ മൊത്ത കച്ചവടക്കാരുടെ അടുത്ത് മുൻകൂട്ടി ബുക്ക് ചെയ്യേണ്ട അവസ്ഥയാണെന്ന് ചെറുകിട വ്യാപാരികൾ പറയുന്നു.
ആറുമാസം കൊണ്ട് മൂപ്പെത്തുന്ന പാടത്തിടുന്ന വെളുത്ത മിക്ച്ചർ കപ്പയുടെ വിളവെടുപ്പ് പൂർത്തിയായി. ഒന്പത് മാസം വളർച്ചയുള്ള കറുത്ത മിക്ച്ചർ കപ്പയാണ് ഇനി ചിലയിടങ്ങളിലെങ്കിലും ശേഷിക്കുന്നത്.
കല്ലറ, മാഞ്ഞൂർ, കോതനല്ലൂർ, കടുത്തുരുത്തി, ഞീഴൂർ എന്നിവിടങ്ങളിലെ കപ്പത്തോട്ടങ്ങളെല്ലാം കച്ചവടക്കാർ നേരത്തെതന്നെ പണം നൽകി വാങ്ങിക്കഴിഞ്ഞു.
അതിനാൽ കൃഷിക്കാർക്കു കപ്പയുടെ വില വർധിക്കുന്നതു കൊണ്ടുള്ള പ്രയോജനം ലഭിക്കുന്നത് വിരളമായി മാത്രമാണ്.
കൃഷി കുറവ്
കഴിഞ്ഞ വർഷം കപ്പയ്ക്കു വില കിട്ടാത്തതുമൂലം കപ്പ കൃഷിയിൽനിന്നു കർഷകർ പിന്മാറിയിരുന്നു. ഇതുമൂലമാണ് കപ്പ കിട്ടാതായത്. ഭാരിച്ച കൂലിചെലവും രാസവള വില വർധനയും മൂലം കപ്പകൃഷി വൻ നഷ്ടമായിരുന്നു.
കഴിഞ്ഞ വർഷം കിലോയ്ക്ക് എട്ട് രൂപയ്ക്കാണ് കപ്പ വിറ്റതെന്ന് കുറുപ്പന്തറ സ്വദേശിയായ വിൻസെന്റ് പറഞ്ഞു. 5,000 ചുവട് കപ്പ കൃഷി ചെയ്ത ഇനത്തിൽ കൂലി ചെലവും വളവിലയും എല്ലാംകൂടി ഒരു ലക്ഷത്തിലധികം രൂപ ചെലവായി.
വില തകർച്ചയെത്തുടർന്ന് കപ്പ പലയിടത്തും നാട്ടുകാർക്ക് സൗജന്യമായി നൽകുകയായിരുന്നു.