കോട്ടയം: വിളവെടുപ്പുകാലം അടുത്തതോടെ വാഴക്കുലയ്ക്കും കപ്പയ്ക്കും വില കുത്തനെ ഇടിയുന്നു. മാർച്ച്-ഏപ്രിൽ മാസങ്ങളിലെ കോവിഡ് ക്വാറന്റൈൻ കാലത്ത് മുൻവർഷങ്ങളേക്കാൾ കർഷകർ ഭക്ഷ്യവിളവുകൾ കൃഷി ചെയ്തതിനാൽ ഇക്കൊല്ലം ഉത്പാദനം ഏറെ വർധിച്ചിട്ടുണ്ട്.
ഇവ സംഭരിച്ച് കർഷകർക്ക് ന്യായവില ഉറപ്പാക്കാൻ കൃഷി വകുപ്പിന് സംവിധാനം ഇല്ലാതെ വന്നതോടെയാണ് വിലയിടിവിൽ കർഷകർ വൻനഷ്ടത്തിലായിരിക്കുന്നത്. ചേന, ചേന്പ്, കാച്ചിൽ തുടങ്ങിയ വിഭവങ്ങൾക്കും വില മെച്ചമല്ല.
ഏത്തക്കുല വില പച്ചക്കായ്ക്ക് 20 രൂപയും പഴത്തിന് 30 രൂപയുമായി താഴ്ന്നു. പാളയംകോടനും റോബസ്റ്റയ്ക്കും ഞാലിപ്പൂവനും വില താഴുകയാണ്.
പച്ചക്കപ്പ വില 20 രൂപയിലേക്ക് ഇടിഞ്ഞു. അടുത്ത മാസം കപ്പയുടെ വിളവ് വർധിക്കുന്പോൾ വില ഇനിയും താഴും. ഇഞ്ചി മഞ്ഞൾ വിലയും മെച്ചമാകില്ലെന്നാണ് സൂചന.