മുണ്ടക്കയം ഈസ്റ്റ്: പച്ചക്കപ്പ വാങ്ങണമെന്ന് തോന്നിയാൽ ആരുടെ മനസിലും ആദ്യം എത്തുന്നത് മുപ്പത്തഞ്ചാം മൈലിലെ കപ്പ ഉമ്മയേയാണ്. 95വയസുള്ള കപ്പ ഉമ്മയെ അറിയാത്തവരാരും സമീപ പ്രദേശങ്ങളിലില്ല.
കപ്പ ഉമ്മയെന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന കീച്ചൻപാറ പുതുപ്പറന്പിൽ സുലേഖ ബീവി കപ്പവിൽപ്പന ഉപജീവനമാർഗമാക്കിയിട്ട് 60 വർഷത്തിലേറെയായി. 13 വയസുള്ളപ്പോഴായിരുന്നു വിവാഹം. മീരാവയ്യാൻ കുഞ്ഞാണ് ഭർത്താവ്. അഞ്ചു മക്കളുണ്ട്. ഭർത്താവും മക്കളിൽ ഒരാളും മരണമടഞ്ഞു. തുടർന്ന് ഉപജീവന മാർഗമായാണ് കപ്പവിൽപ്പന തുടങ്ങിയത്.
ഒന്നര സെൻറ് സ്ഥലവും വീടുമാണ് ഉള്ളത്. കപ്പ കൃഷിക്കാരുടെ വീടുകളിലെത്തി കപ്പ വാങ്ങി മുപ്പത്തഞ്ചാം മൈലിലെത്തി വിൽപ്പന നടത്തും. ഇവിടെനിന്നു ലഭിക്കുന്ന വരുമാനം കൊണ്ടാണ് മക്കളെ വളർത്തിയത്. മക്കളെല്ലാം പ്രായപൂർത്തിയായെങ്കിലും കപ്പവിൽപ്പന ഉമ്മ നിറുത്തിയില്ല. ഇപ്പോൾ വിധവ പെൻഷൻ ലഭിക്കുന്നുണ്ടെങ്കിലും ഇത് ഒന്നിനും തികയില്ലെന്നാണ് ഉമ്മ പറയുന്നത്.
തുടക്കത്തിൽ കോരുത്തോട്, മുണ്ടക്കയം, കൂട്ടിക്കൽ, പെരുവന്താനം എന്നിവിടങ്ങളിൽനിന്ന് കപ്പ, ചേന, ചേന്പ് തുടങ്ങിയവ വാങ്ങി തലച്ചുമടായിട്ടാണ് മുപ്പത്തയഞ്ചാം മൈലിൽ എത്തിച്ച് വിറ്റിരുന്നത്. ഉമ്മയുടെ ഓർമയിൽ 20 പൈസയ്ക്കാണ് കപ്പ വിൽപ്പന തുടങ്ങിയത്. ഇപ്പോൾ ലോറികളിൽ കപ്പ എത്തിക്കുന്നതുമൂലം മറ്റു വ്യാപാര സ്ഥാപനങ്ങളിലും കപ്പവിൽപ്പനയുണ്ടെങ്കിലും കപ്പ ഉമ്മയുടെ വിൽപ്പനയ്ക്ക് യാതൊരു കുറവുമില്ല.
രാവിലെ കപ്പ വിൽപ്പനയ്ക്കെത്തുന്ന ഉമ്മ ഇതിനിടെ തോട്ടത്തിൽനിന്ന് വിറകും ശേഖരിക്കും. വൈകുന്നേരം വീട്ടിലേക്ക് മടങ്ങുന്പോൾ തലയിൽ ഒരുകെട്ട് വിറകും കാണും. 95-ാം വയസിലും സ്വയം അധ്വാനിച്ച് ജീവിക്കുന്ന ഉമ്മ ഏവർക്കും മാതൃകയാണെന്നു സമീപത്തെ വ്യാപാരികളും നാട്ടുകാരും പറയുന്നു.