ഏങ്ങണ്ടിയൂർ: ഒരു മൂട് കപ്പയിലെ ഒരു കൊള്ളിക്കിഴങ്ങിന്റെ മാത്രം തൂക്കം 15 കിലോ. ഏങ്ങണ്ടിയൂർ സെന്റ് തോമസ് സ്കൂളിനു സമീപം ചാലിശേരി ബെനഡിക്ടിന്റെ മകൻ സാജന്റെ വീട്ടുപറന്പിൽ നിന്നാണ് ഈ ഭീമൻ കിഴങ്ങ് ലഭിച്ചത്. പറന്പിൽ ആകെ നട്ടത് ഒരു കൊള്ളിത്തണ്ട് മാത്രം.
അതും പറന്പിൽ കഴിഞ്ഞ വർഷമുണ്ടായ കൊള്ളിയുടെ തണ്ട് ഒടിച്ചു കുത്തിയത്. ആട്ടിൻ കാഷ്ഠവും വെണ്ണീറും വീട്ടിലുണ്ടാക്കിയ കന്പോസ്റ്റ് വളവും കടയ്ക്കിലിട്ടു. ഇപ്പോൾ ഒന്പതു മാസം. കർഷക ദിനമായ ചിങ്ങം ഒന്നിന് പറിച്ച് പഞ്ചായത്തിൽ പ്രദർശനത്തിന് നൽകാമെന്നാണ് സാജൻ തീരുമാനിച്ചിരുന്നത്.
കഴിഞ്ഞ ദിവസം ചെട്ടിക്കാട് സെന്റ് ആന്റണീസ് പള്ളിയിൽ കുടുംബസമേതം പോയി വന്നപ്പോഴേക്കും പറന്പ് വൃത്തിയാക്കിയ തമിഴ് തൊഴിലാളികൾ കൊള്ളിത്തണ്ട് ഭൂമി നിരപ്പിനോട് ചേർന്ന് വെട്ടിമുറിച്ച് കളഞ്ഞിരുന്നു. ഇതുകണ്ട് അല്പംവിഷമം തോന്നിയ സാജൻ കപ്പ പറിച്ചപ്പോഴാണ് വലിപ്പമുള്ള കപ്പക്കിഴങ്ങ് കിട്ടിയത്.
കടയിൽ കൊണ്ടുപോയി തൂക്കം നോക്കിയപ്പോൾ 15 കിലോ. കടക്കാർക്കും നാട്ടുകാർക്കും കൗതുകമായി.ഇന്റർനെറ്റിലൂടെ കൃഷിരീതികൾ മനസിലാക്കുന്ന സാജന്റെ പ്രധാന കൃഷികൾ ജാതിയും കുരുമുളകുമാണ്. ഇടവിളയായി കുറച്ച് പഴവർഗങ്ങളും. അതിനിടയിൽ നട്ട ഒരു കൊള്ളിത്തണ്ടിന്റെ ഫലം കണ്ട് സാജനും കൗതുകമായി.