കൊയിലാണ്ടി: കാപ്പാട് ബീച്ചില്‍ സന്ദര്‍ശകര്‍ക്കുള്ള പ്രവേശന ഫീസ് നിരക്ക് കുറച്ചു. മുതിര്‍ന്നവര്‍ക്ക് 50 രൂപയുണ്ടായിരുന്നത് 25 രൂപയായും 25 രൂപയുണ്ടായിരുന്ന കുട്ടികളുടെ ഫീസ് 10 രൂപയാക്കിയുമാണ് കുറച്ചത്.
ജില്ലാ കളക്ടര്‍ സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ ജനപ്രതിനിധികളും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ (ഡിടിപിസി) ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. തീരുമാനങ്ങൾ ഇന്നുമുതല്‍ നടപ്പാക്കും.
ബീച്ചിലെ പ്രവേശന ഫീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് ജില്ലാ കളക്ടർ സാംബശിവറാവുവിന്റെ ചേന്പറിൽ വെച്ച് ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നിരുന്നു.
കേരളത്തിലെ ഒന്നാമത്തെ കടലോര വിനോദ സഞ്ചാര കേന്ദ്രമാക്കി കാപ്പാട് ബീച്ചിനെ മാറ്റുന്നതിന് രണ്ടര കോടി ചെലവാക്കി സംസ്ഥാന വിനോദസഞ്ചാരവകുപ്പിന്റെ നേതൃത്വത്തിൽ ആവിഷ്കരിച്ച വിവിധ പദ്ധതികൾ കളക്ടർ യോഗത്തിൽ വിശദീകരിച്ചു.
ഫീസ് വര്‍ധനവുമായി ബന്ധപ്പെട്ട് നേരത്തെ പ്രദേശവാസികള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഷീല ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് മെന്പർ എം.പി.മൊയ്തീൻകോയ വാർഡ് മെന്പർമാരായ, അബ്ദുള്ളക്കോയ .വി ,ഷരീഫ് മാസ്റ്റർ, റസീന ഷാഫി ,പി ’വത്സല , രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം. നൗഫൽ, എം.സുരേഷ്, സത്യനാഥൻ മാടഞ്ചേരി, റഷീദ് വെങ്ങളം , സാദിഖ് അവീർ, പി.കെ.വിനോദ്, ബിനേഷ് ബാബു, വി.ജയൻ. ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിൽ സെക്രട്ടറി ബീന എന്നിവർ യോഗത്തിൽ പങ്കെടുത്തു.