ആലുവ: രാഷ്ട്രീയ കൊലപാതകങ്ങളടക്കം പെരുകുന്ന പശ്ചാത്തലത്തിൽ ഓപ്പറേഷൻ ഡാർക്ക് ഹണ്ടിലൂടെ കാപ്പ ചുമത്തി ജയിലിലടക്കുന്നത് കർശനമായി തുടർന്ന് റൂറൽ ജില്ലാ പോലീസ്.
നിരവധി കേസുകളിലെ പ്രതികളായ രണ്ടുപേരെ ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലയിൽ കാപ്പ ചുമത്തി ജയിലിലടച്ചു. ചെറായി പള്ളിപ്പുറം പെട്ടിക്കാട്ടിൽ വീട്ടിൽ ആഷിക് (25) അങ്കമാലി തുറവുർ പുല്ലാനി ചാലാക്കാ വീട്ടിൽ വിഷ്ണുവെന്ന പുല്ലാനി വിഷ്ണു (29) എന്നിവരെയാണ് ജയിലിലടച്ചത്.
റൂറൽ ജില്ലാ പോലിസ് മേധാവി കെ. കാർത്തിക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ബലാത്സംഗം, ജെജെ ആക്ട്, പോക്സോ, കൊലപാതകശ്രമം, തട്ടിക്കൊണ്ടു പോകൽ തുടങ്ങി പതിനഞ്ചോളം കേസുകളിലെ പ്രതിയാണ് ആഷിക്.
ഇയാളെ കഴിഞ്ഞവർഷവും കാപ്പച്ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. 2017-ൽ ആഷിക്കിനെ ഒരു വർഷത്തേക്ക് കാപ്പ പ്രകാരം നാടുകടത്തിയിരുന്നു.
കൊലപാതകശ്രമം, ദേഹോപദ്രവം, പിടിച്ചുപറി, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങി പത്തോളം കേസുകളിലെ പ്രതിയാണ് വിഷ്ണു. അങ്കമാലി, കാലടി, നെടുമ്പാശേരി പോലിസ് സ്റ്റേഷനുകളിൽ വിഷ്ണുവിനെതിരേ നിരവധി കേസുണ്ട്.
2019 ഏപ്രിലിൽ മൂക്കന്നൂരിൽ വച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിയാണ്. 2017-ൽ വിടുകയറി വീട്ടമ്മയെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണ്.
നെടുമ്പാശേരിയിൽ ചിട്ടുകളി സംഘത്തെ ആക്രമിച്ച് പണം തട്ടിയെടുത്ത സംഭവത്തിലും തുറവൂരിൽ വാഹനം തടഞ്ഞു നിർത്തി സ്വർണ കവർന്ന കേസിലും വിഷ്ണുവിനെതിരേ കേസുണ്ട്.
ഇതിനകം കാപ്പ ചുമത്തി 12 പേരെയാണ് ജയിലിലടച്ചിട്ടുള്ളത്. 22 പേരെ നാടു കടത്തി. വരും ദിവസങ്ങളിലും അറസ്റ്റുകൾ തുടരുമെന്ന് എസ്പി കെ. കാർത്തിക് അറിയിച്ചു.