വെള്ളരിക്കുണ്ട്: കോവിഡ് പ്രതിസന്ധി ഭക്ഷ്യക്ഷാമത്തിന് വഴിയൊരുക്കുമെന്ന സര്‍ക്കാരിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് അതിനെ അതിജീവിക്കാന്‍ ലോകമഹായുദ്ധകാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ വ്യാപകമായി കപ്പകൃഷി നടത്തിയ മലയോര കര്‍ഷകര്‍ക്ക് കനത്ത തിരിച്ചടി.
കര്‍ഷക കൂട്ടായ്മകളുടെയും സഹകരണ ബാങ്കുകളുടെയുമെല്ലാം നേതൃത്വത്തില്‍ നടത്തിയ കൃഷിയിലെ വിളവെല്ലാം ഒരുമിച്ച് വിപണിയിലെത്തിയപ്പോള്‍ കിലോയ്ക്ക് പത്തുരൂപയ്ക്കു പോലും കപ്പ വാങ്ങാന്‍ ആളില്ലാതായ നിലയാണ്.
തുരപ്പനെലി മുതല്‍ കാട്ടുപന്നി വരെയുള്ള ഭീഷണികളെ അതിജീവിക്കാന്‍ കണ്ണിമ പൂട്ടാതെ കാവലിരുന്നാണ് കര്‍ഷകര്‍ കപ്പ വിളയിച്ചെടുത്തത്.
ലോക്ക് ഡൗണ്‍ കാലത്ത് ഓരോ കുടുംബവും സ്വന്തമായിത്തന്നെ കൃഷിയിറക്കിയതും വിപണിയില്‍ ആവശ്യക്കാരില്ലാതാക്കി.
ഇപ്പോള്‍ മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടാത്ത അവസ്ഥയില്‍ വിളവെടുത്ത കപ്പയെല്ലാം തൊലികളഞ്ഞ് വാട്ടി ഉണക്കിയെടുക്കുകയാണ് മിക്ക കര്‍ഷകരും ചെയ്യുന്നത്.
വാട്ടുകപ്പയ്ക്കും തത്കാലം വലിയ മാര്ക്കറ്റൊന്നുമില്ലെങ്കിലും പിന്നീട് പ്രയോജനപ്പെടുത്താമെന്നാണ് പ്രതീക്ഷ. കപ്പ വാട്ടി ഉണക്കാനിട്ടപ്പോള്‍ കാലംതെറ്റി പെയ്ത മഴ പലര്‍ക്കും വീണ്ടും ഇരുട്ടടിയാവുകയും ചെയ്തു.
സുഭിക്ഷകേരളം പദ്ധതിയില്‍ ലക്ഷങ്ങള്‍ ചെലവിട്ട് മത്സ്യകൃഷി നടത്തിയവരും ഏറെക്കുറെ ഇതേ പ്രതിസന്ധി നേരിടുന്നുണ്ട്.
വലിയ വില കിട്ടുമെന്നു കരുതിയ മീനുകളെ തുച്ഛമായ വിലയ്ക്ക് വിറ്റഴിക്കേണ്ടിവരുന്ന അവസ്ഥയിലാണ് മിക്കവരും. വളര്‍ച്ചയെത്തിയ മീനുകളെ ദീര്‍ഘകാലത്തേക്ക് സൂക്ഷിച്ചുവയ്ക്കാന്‍ പോലും കഴിയാത്തതിന്റെ നിസഹായാവസ്ഥയിലാണ് പല കര്‍ഷകരും.