വൈപ്പിൻ: കൊച്ചി കപ്പൽച്ചാൽ ആഴം വർധിപ്പിക്കുന്നതിനു മുന്പായി ശാസ്ത്രീയമായ പഠനം നടത്തണമെന്ന് എസ്. ശർമ എംഎൽഎ ആവശ്യപ്പെട്ടു. ആഴം വർധിപ്പിക്കുന്ന നടപടി മത്സ്യോത്പാദനത്തെയും മത്സ്യത്തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക മത്സ്യമേഖലയിൽ സംജാതമായിട്ടുണ്ട്.
ഇതെല്ലാം പരിഹരിച്ചു മുന്നോട്ടുപോകണമെന്ന മത്സ്യത്തൊഴിലാളികളുടെ ന്യായമായ ആവശ്യം കണക്കിലെടുക്കേണ്ടതാണ്. തിരുത, കണന്പ്, കാളാഞ്ചി, പൂമീൻ തുടങ്ങിയ മത്സ്യയിനങ്ങളുടെ സ്വാഭാവികവും ജൈവപരമായി ഏറ്റവും അനുയോജ്യവുമായ പ്രജനന കേന്ദ്രമാണ് കൊച്ചി അഴിമുഖവും പരിസര പ്രദേശങ്ങളും. ഇവിടത്തെ സ്വാഭാവിക സവിശേഷതകൾ മാറ്റിമറിക്കുന്നത് മത്സ്യസന്പത്തിനെ ഇല്ലാതാക്കുമെന്ന് മത്സ്യത്തൊഴിലാളികൾ ഭയപ്പെടുന്നുണ്ട്.
തുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ശാസ്ത്രസമൂഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തിക്കൊണ്ട് പഠനം നടത്തുകയും ഇതിന്റെ അടിസ്ഥാനത്തിൽ ഈ മേഖലയിൽ ജോലിചെയ്യുന്നവരെയും ട്രേഡ് യൂണിയൻ പ്രതിനിധികളെയും പങ്കെടുപ്പിച്ചുകൊണ്ട് ചർച്ചകൾ നടത്തുകയും വേണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.