കൊച്ചി: പുറങ്കടലിൽ നങ്കൂരമിട്ടിരുന്ന ചരക്കുകപ്പലിനു തീപിടിച്ചുണ്ടായ അപകടത്തിൽ ജീവനക്കാരൻ മരിച്ച സംഭവത്തിൽ കോസ്റ്റൽ പോലീസ് കേസെടുത്തു. അറ്റ്ലാന്റിക് ഷിപ്പിംഗ് കന്പനി സീനിയർ ബ്രാഞ്ച് മാനേജർ ജോയിയുടെ പരാതിയിലാണു കേസെടുത്തിട്ടുള്ളതെന്ന് അധികൃതർ പറഞ്ഞു. അതേസമയം, അപകടത്തിൽ മരിച്ച ജീവനക്കാരന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നു ബന്ധുക്കൾക്കു വിട്ടുകൊടുക്കും.
രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചയോടെ മൃതദേഹം വിട്ടുകൊടുക്കാനാണു ലക്ഷ്യമിടുന്നതെന്നു കോസ്റ്റൽ പോലീസ് വ്യക്തമാക്കി. മറൈൻ എഞ്ചിനീയറായ (ട്രെയിനി) അഹമ്മദാബാദ് സ്വദേശി യോഗേഷ് കാഞ്ചി സോളംഗി(29) ആണു മരിച്ചതെന്നും അധികൃതർ പറഞ്ഞു. ഇന്നലെ വൈകിട്ട് ആറരയോടെ കൊച്ചി തീരത്തുനിന്ന് 14.5 നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടിരുന്ന എം.വി. നളിനി എന്ന കപ്പലിനാണു തീ പിടിച്ചത്.
നാഫ്തയുമായി ഗുജറാത്തിലെ മുന്ദ്രയിൽനിന്നു കൊളംബോയിലേക്കു പോകുകയായിരുന്ന ചരക്ക് കപ്പൽ കൊച്ചി പുറംകടലിൽ നങ്കൂരമിട്ടിരിക്കുകയായിരുന്നു. അപകടസമയം, 22 ജീവനക്കാർ കപ്പലിൽ ഉണ്ടായിരുന്നു. ബാക്കിയുള്ളവരെ നാവികസേനയുടെ ഹെലികോപ്ടർ എത്തിയാണു രക്ഷപ്പെടുത്തിയത്. തീപിടിത്തത്തെത്തുടർന്നു വൈദ്യുത ബന്ധം തകരാറിലായ കപ്പലിന്റെ എൻജിനും നിലച്ചതോടെ കപ്പൽ അധികൃതർ നാവികസേനയുടെ സഹായം തേടുകയായിരുന്നു.
നാവികസേനയുടെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ, സീകിംഗ് ഹെലികോപ്റ്റർ എന്നിവയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. തീരദേശ സേനയുടെ നേതൃത്വത്തിൽ ചാർലി എന്ന ബോട്ടും കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ടഗ്ഗും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
ദക്ഷിണ നാവിക സേനയുടെ ഐഎൻഎസ് കൽപേനിയെന്ന കപ്പൽ സ്ഥലത്ത് തുടരുകയാണ്. അപകടത്തിൽ 80 ശതമാനത്തോളം പൊള്ളലേറ്റ യോഗേഷ് കാഞ്ചി സോളംഗിയെ ഇന്നലെ രാത്രിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. മരിച്ച നിലയിലാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
നാവികസേനയുടെ ഹെലികോപ്ടറിൽ നാവിക സേനാ ആസ്ഥാനത്ത് എത്തിച്ചശേഷം അവിടെനിന്നുമാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. പൊട്ടിത്തെറിയെത്തുടർന്നു കപ്പലിന്റെ എൻജിൻ റൂമിലാണു തീപിടിത്തമുണ്ടായത്. കപ്പലിലെ തീ വൈകാതെ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞതു വൻ ദുരന്തമാണ് ഒഴിവാക്കിയത്.