കൊച്ചി: ഫോർട്ടുകൊച്ചി അഴിമുഖത്തു മുങ്ങിയ നീതിമാൻ എന്ന ബോട്ട് ഉയർത്താൻ ഒരാഴ്ചയായി നടക്കുന്ന ശ്രമം വിഫലം. കഴിഞ്ഞ ദിവസം മുങ്ങൽ വിദഗ്ധർ ബോട്ടിന്റെ എൻജിനിൽ ഇരുന്പുവടം ബന്ധിപ്പിച്ച് ബോട്ട് ഉയർത്താൻ ശ്രമിച്ചെങ്കിലും എൻജിൻ മാത്രം വേർപ്പെട്ടുപോരുകയായിരുന്നു.
എൻജിൻ പിന്നീടു കരയിലേക്കു മാറ്റി. ശേഷിക്കുന്ന ബോട്ടിന്റെ ഭാഗങ്ങൾ ഉയർത്താനുള്ള ശ്രമം തുടരുമെന്ന് പോർട്ട് അധികൃതർ പറഞ്ഞു. ശക്തമായ അടിയൊഴുക്കുമൂലം ബോട്ടിൽ ചെളിയടിഞ്ഞിട്ടുണ്ട്. കംപ്രസർ ഉപയോഗിച്ച് ചെളി നീക്കം ചെയ്തതിനുശേഷമാണ് ബോട്ട് ഉയർത്താനുള്ള ശ്രമം നടത്തുന്നത്. കപ്പൽ ചാലിൽ മുങ്ങിയ ബോട്ട് ഉയർത്താനാവാത്തത് കാരണം കൊച്ചിൻ പോർട്ടിന് കോടികളുടെ നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ബോട്ട് കിടക്കുന്നതുമൂലം തുറമുഖത്തെത്തി ചരക്ക് കയറ്റാനാവാതെ ഇതിനകം രണ്ടു കപ്പലുകൾ മടങ്ങിപ്പോയി. ഗൾഫിലേക്കുള്ള എം.വി. ക്രസ എന്ന കപ്പലും കൊളംബോയിലേക്കുള്ള എം.വി. റിയോ എന്ന കപ്പലുമാണ് മടങ്ങിപ്പോയത്. പുറങ്കടലിൽ രണ്ടുദിവസം കിടന്നതിനുശേഷമാണു കപ്പൽ മടങ്ങിയത്.
ഇനിയും മൂന്നു കപ്പലുകൾ കൊച്ചിക്ക് പുറത്ത് പുറങ്കടലിൽ തുറമുഖത്തേക്ക് കയറാനാവാതെ കിടക്കുന്നുണ്ട്. യുറോപ്പിലേക്കുള്ള ഒരു കപ്പലും ഗൾഫ് രാജ്യങ്ങളിലേക്കുള്ള രണ്ടു കപ്പലുമാണു പുറങ്കടലിൽ കിടക്കുന്നത്.രണ്ടു ദിവസംകൂടി നോക്കിയതിനുശേഷം ഇവയും മടങ്ങുമെന്നാണ് അറിയുന്നത്.
കപ്പൽ ഗതാഗതം സ്തംഭിച്ചതോടു കൂടി പോർട്ടിൽ കണ്ടെയ്നറുകൾ കെട്ടിക്കിടക്കുകയാണ്. ഇതുവഴി പിഴ ഇനത്തിൽ കയറ്റുമതി സ്ഥാപനങ്ങൾക്കും ഏജന്റുമാർക്കും വലിയ നഷ്ടമുണ്ടായിട്ടുണ്ട്. സർക്കാരിനും കയറ്റുമതി വഴി ലഭിക്കേണ്ട നികുതി നഷ്ടമാകും.