എം.ജെ.ശ്രീജിത്ത്
തിരുവനന്തപുരം: രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര നാളെ കോട്ടയത്തെത്തുന്പോൾ മാണി.സി.കാപ്പൻ യുഡിഎഫിന്റെ ഭാഗമാകും. കാപ്പൻ ഘടകകക്ഷിയെന്ന നിലയിലാണ് യുഡിഎഫിലെത്താൻ ശ്രമിക്കുന്നതെങ്കിലും കാപ്പനെ കോൺഗ്രസിലെത്തിക്കാനാണ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നത്. എന്നാൽ ഘടകകക്ഷിയെന്ന നിലയിലല്ലാതെ യുഡിഎഫിലേക്ക് താനില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കാപ്പൻ.
കാപ്പനെ ഈ കാര്യത്തിൽ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. ഘടകകക്ഷിയെന്ന നിലയിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുന്നതിനേക്കാൾ കാപ്പന് വിജയ സാധ്യത കൂടുതൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നതിനാണെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.കോൺഗ്രസിൽ പാലാ സീറ്റ് ലക്ഷ്യമിടുന്ന ഒരുപിടി നേതാക്കളുണ്ട്.
പിന്നീടൊരു തർക്കമുണ്ടാകാതിരിക്കാൻ കൂടിയാണ് മാണി.സി.കാപ്പനെ കോൺഗ്രസിലെത്തിച്ച് മത്സരിപ്പിക്കാൻ ശ്രമിക്കുന്നതിനു പിന്നിലെ ഉദ്ദേശം. ഇങ്ങനെയായാൽ പിന്നീട് കേരളാ കോൺഗ്രസ് ജോസഫ് ഉൾപ്പെടെയുള്ള ഘടകകക്ഷികളാരും പാലാ സീറ്റിൽ അവകാശവാദം ഉന്നയിക്കില്ല.
ഭാവിയിൽ അത് കോൺഗ്രസിന്റെ സീറ്റ് ആയി മാറും. ഇത് മുൻകൂട്ടി കണ്ടു തന്നെയാണ് കോൺഗ്രസ് നേതൃത്വം കാപ്പനെ കോൺഗ്രസിലെത്തിക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഘടകകക്ഷിയായാൽ മാത്രമേ ഭരണം ലഭിച്ചാൽ മന്ത്രിസ്ഥാനം ഉൾപ്പെടെയുള്ള കാര്യമായ പരിഗണന ലഭിക്കുകയുള്ളൂ എന്നറിയാവുന്ന കാപ്പൻ കോൺഗ്രസിന്റെ ഈ നീക്കത്തിന് വഴങ്ങാൻ സാധ്യതയില്ല.
അതേസമയം യുഡിഎഫിലേക്കു ഘടകകക്ഷിയായി വരുന്നെങ്കിൽ എൻസിപി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരൻ ഉൾപ്പെടെയുള്ള പരമാവധി നേതാക്കളെ എങ്ങനെയും കൂടെക്കൂട്ടണമെന്ന നിർദേശമാണ് കോൺഗ്രസ് നേതൃത്വം കാപ്പന് നൽകിയിരിക്കുന്നത്.
പീതാംബരൻ മാസ്റ്റർ എൻസിപി ദേശീയ നേതൃത്വത്തിന്റെ അഭിപ്രായം മറികടന്ന് യുഡിഎഫിലേക്ക് പോകുമെന്ന് ഉറപ്പില്ല. മാണി.സി.കാപ്പൻ ഇടതുമുന്നണി വിടുമെന്ന് ഉറപ്പായതോടെ തങ്ങളുടെ ഭാഗത്ത് പരമാവധി ആളെക്കൂട്ടാനുള്ള ശ്രമത്തിലാണ് കാപ്പൻ വിഭാഗവും എൽഡിഎഫിൽ തുടരുന്ന എൻസിപിയും.
യുഡിഎഫിലെത്തിയാൽ രണ്ട് സീറ്റുകൾ വേണമെന്ന ആവശ്യവും കാപ്പൻ ഉന്നയിച്ചിട്ടുണ്ട്.എന്നാൽ പാലാ മാത്രമേ നൽകുകയുള്ളൂവെന്നാണ് കോൺഗ്രസ് നേതൃത്വം അറിയിച്ചിരിക്കുന്നത്.