മോഹൻലാൽ, സൂര്യ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാന്റെ കേരളത്തിലെ വിതരണാവകാശം ടോമിച്ചൻ മുളകുപാടം സ്വന്തമാക്കിയതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ ഈ തീരുമാനത്തിൽ നിന്നും അദ്ദേഹം പിന്മാറിയതായിയാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സൂര്യ നായകനായ എൻജികെ കേരളത്തിൽ നിന്നും വലിയ വരുമാനം നേടാതിരുന്നതാണ് ഇത്തരമൊരു തീരുമാനം സ്വീകരിക്കുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നാണ് അറിയാൻ സാധിക്കുന്നത്.
ഓഗസ്റ്റ് 30നാണ് കാപ്പാൻ റിലീസ് ചെയ്യുന്നത്. മോഹൻലാൽ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെ സൂര്യയും അവതരിപ്പിക്കുന്ന സിനിമയാണ് കാപ്പാൻ.
ചെന്നൈ, ഡൽഹി, കുളു, മണാലി, ലണ്ടൻ, ന്യൂയോർക്ക്, ബ്രസീൽ എന്നീ സ്ഥലങ്ങളാണ് സിനിമയുടെ ലൊക്കേഷനുകൾ. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമയിൽ സയേഷ സൈഗാളാണ് നായിക. ആര്യ, ബോമാൻ ഇറാനി, സമുദ്രക്കനി, പ്രേം, ശങ്കർ കൃഷ്ണമൂർത്തി എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.