കുറവിലങ്ങാട്: പ്രതികൂല കാലാവസ്ഥയെയും കോവിഡിനെയും മറികടന്ന് പച്ചക്കപ്പ കൃഷി നടത്തിയവർക്ക് പറയാനുള്ളത് നഷ്ടക്കണക്കു മാത്രം.
മികച്ചയിനം കപ്പ കിലോയ്ക്കു പത്തു രൂപയ്ക്കാണ് കർഷകർ വിറ്റഴിക്കുന്നത്. ഇതും ടൺകണക്കിനു കപ്പ നൽകാൻ കഴിയുന്നവർക്കു മാത്രമുള്ള വിലയാണ്.
നൂറു കിലോ കപ്പ നൽകുന്പോൾ ആയിരം രൂപ ലഭിക്കുമെന്ന കണക്കിലും ചില മറിമായമുണ്ട്.
നൂറു കിലോ കപ്പയ്ക്ക് പത്തു കിലോ കപ്പ അധികമായി “താര’ എന്ന പേരിൽ നൽകണം. ഇതോടെ പറഞ്ഞുറപ്പിക്കുന്ന പത്തു രൂപയിൽ യഥാർഥത്തിൽ കർഷകനു ലഭിക്കുക ഒൻപതു രൂപയാണ്.
കർഷകൻ നഷ്ടക്കണക്ക് പേറുന്പോൾ വിപണിയിൽ കപ്പ വാങ്ങാനെത്തുന്നവർ വില കേട്ട് ഞെട്ടുകയാണ്. ഒരു കിലോ പച്ചക്കപ്പയ്ക്ക് 20 രൂപ നൽകണം എന്നതാണു സ്ഥിതി.
അതായത് കർഷകനു നൽകുന്നതിന്റെ ഇരട്ടിയിലധികം വില. പച്ചക്കപ്പ വിറ്റഴിക്കാൻ തടസങ്ങളുണ്ടാകുകയും വിലക്കുറവ് നേരിടുകയും ചെയ്തതോടെ കാലിത്തീറ്റയ്ക്കായി കപ്പ വാങ്ങുമെന്ന പ്രഖ്യാപനമുണ്ടായെങ്കിലും ഈ മേഖലയിലൊന്നും കാര്യമായ നേട്ടമുണ്ടായില്ല.
കഴിഞ്ഞ വർഷം വിലയില്ലാതെ വന്നതിനെത്തുടർന്ന് കോവിഡ് ക്യാന്പുകളിലേക്ക് ആയിരക്കണക്കിനു കിലോ കപ്പയാണ് പല കർഷകരും സൗജന്യമായി നൽകിയത്.
ബാങ്ക് വായ്പയടക്കമെടുത്ത് കൃഷി ചെയ്ത കർഷകർ മതിയായ വില ലഭിക്കാത്തതുമൂലം വലിയ പ്രതിസന്ധിയിലാണ്.