സ്വന്തം ലേഖകൻ
തിരുവനന്തപുരം: എൻസിപി വിട്ട മാണി സി. കാപ്പനെ യുഡിഎഫിൽ എങ്ങനെ ഉൾപ്പെടുത്തണമെന്നതിനെച്ചൊല്ലി കോണ്‍ഗ്രസിൽ അഭിപ്രായ ഭിന്നത.
കാപ്പനെ കോണ്‍ഗ്രസിന്റെ ഭാഗമാക്കി കൈപ്പത്തി ചിഹ്നത്തിൽ പാലായിൽ മത്സരിപ്പിക്കണമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ ചേർന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി യോഗത്തിൽ ആവശ്യപ്പെട്ടു.
മാണി സി. കാപ്പൻ കോണ്‍ഗ്രസിൽ ലയിക്കുന്നതാവും ഉചിതമെന്നു കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷും അഭിപ്രായപ്പെട്ടു. എന്നാൽ, കാപ്പനെയും ഒപ്പമുള്ളവരെയും യുഡിഎഫ് ഘടകകക്ഷി ആക്കണമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ നിർദേശം.
എൽഡിഎഫിൽ പരമാവധി ഭിന്നിപ്പിനാണ് ഈ ഘട്ടത്തിൽ ശ്രമിക്കേണ്ടതെന്നും അതിനായി പരമാവധി പേരെ അവിടെ നിന്ന് അടർത്തിമാറ്റുന്നതിനു ഘടകകക്ഷിയാക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.
ഇതുസംബന്ധിച്ച് അഭിപ്രായ ഐക്യം ഉണ്ടാകാത്തതിനെത്തുടർന്നു വിഷയം യുഡിഎഫിൽ ചർച്ച ചെയ്ത് തീരുമാനിക്കാൻ യോഗം തീരുമാനിച്ചു. ഇക്കാര്യം യുഡിഎഫ് തീരുമാനിക്കുമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.
അതേസമയം, 12 സീറ്റുകൾക്കായുള്ള പി.ജെ. ജോസഫിന്റെ ആവശ്യത്തിന് വഴങ്ങേണ്ടെന്നു കോൺഗ്രസ് നേതാക്കൾ തീരുമാനിച്ചു. അടുത്ത ചർച്ചയിൽ അവരെ ഇക്കാര്യമറിയിച്ച ശേഷം വേഗത്തിൽ സീറ്റ് വിഭജനം പൂർത്തീകരിക്കാനാണ് ധാരണ.
സംസ്ഥാന മാതൃകയിൽ ജില്ലാതലത്തിൽ തെരഞ്ഞെടുപ്പ് മേൽനോട്ടസമിതിയുണ്ടാകണമെന്ന അഭിപ്രായമുയർന്നെങ്കിലും സമിതിയിലുൾപ്പെടാനായി ജില്ലാനേതാക്കൾ മത്സരിക്കുന്നത് മറ്റൊരു തർക്കത്തിലേക്ക് വഴി തുറക്കാനിടയുള്ളതിനാൽ വേണ്ടെന്ന് തീരുമാനിച്ചു.
പാർലമെന്റ് മണ്ഡലാടിസ്ഥാനത്തിൽ നിയോജകമണ്ഡലങ്ങളുടെ പൊതുചുമതല എംപിമാർക്ക് കൈമാറും.
എംപിമാരില്ലാത്ത കോട്ടയത്ത് ഉമ്മൻ ചാണ്ടിക്കും ആലപ്പുഴയിൽ കൊടിക്കുന്നിൽ സുരേഷിനും വയനാട്ടിൽ കെ. മുരളീധരനും അധികചുമതല നൽകും.
പുതുതായി ചുമതലയേറ്റ കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ.വി. തോമസിന് മാധ്യമ ഏകോപന ചുമതല നൽകി. പത്തംഗ സമിതിയിൽ വി.എം. സുധീരനും കെ. സുധാകരനുമൊഴിച്ചുള്ളവർ ഇന്നലെ യോഗത്തിനെത്തി.
ഐശ്വര്യകേരള യാത്രാ സമാപനത്തിന് ശേഷം 23ന് വൈകുന്നേരം തെരഞ്ഞെടുപ്പു മേൽനോട്ട സമിതി യോഗം ചേരാനും തീരുമാനിച്ചു.