തൊടുപുഴ: മരച്ചീനി വില കൂപ്പുകുത്തിയതോടെ കർഷകർ കടുത്ത പ്രതിസന്ധിയിൽ. സീസണിൽ കപ്പവിറ്റഴിക്കാനാകാതെ നിരവധികർഷകരാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്.
കോവിഡ് മൂലം ഭക്ഷ്യപ്രതിസന്ധിയുണ്ടാകുമെന്ന അഭ്യൂഹത്തെ തുടർന്നു ആളുകൾ കൂടുതൽ കൃഷി ചെയ്യാൻ തയാറായതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.കഴിഞ്ഞ വർഷം ഈ സമയത്ത് കിലോയ്ക്ക് 20-25 എന്ന തോതിൽ വില ലഭിച്ചിരുന്നപ്പോൾ ഇത്തവണ 8-10 എന്ന നിരക്കിലാണ് വില. വിലക്കുറവായിട്ടും വാങ്ങാനാളില്ലാത്ത സാഹചര്യമാണ്.
മഴ മാറിയതോടെ കപ്പ ഉണങ്ങി സൂക്ഷിക്കാനുള്ള തത്രപ്പാടിലാണ് കർഷകർ. എന്നാൽ പച്ചക്കപ്പയുടെ വിലയിടിഞ്ഞതോടെ ഉണക്കക്കപ്പയ്ക്കും വിലയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.
കഴിഞ്ഞ വർഷം കിലോയ്ക്ക് 100-110 തോതിലായിരുന്നു വിലയെങ്കിൽ നിലവിൽ 70-80 രൂപയാണ് വില. ഒരുമാസം കൂടി കഴിയുന്നതോടെ വില വീണ്ടും കുറയാനാണ് സാധ്യത.
ജോലിക്കാരെ ലഭിക്കാത്തതിനാൽനാട്ടിൻപുറങ്ങളിലെ കർഷകരും പുതു സംരംഭമായ ഡ്രയറിനെ ആശ്രയിച്ചാണ് കപ്പ ഉണങ്ങിയെടുക്കുന്നത്.
തൊടുപുഴ കാഡ്സിൽ രണ്ടുമാസം വരെ ബുക്കിംഗാണ് നിലവിൽ. പുരയിടങ്ങളിൽ നിന്നു പറിച്ചെടുക്കുന്ന കപ്പ കൊണ്ടുവന്ന് തൂക്കിയേൽപ്പിക്കുക മാത്രമാണ് ഉടമസ്ഥന്റെ ജോലി.
തൊണ്ട് നീക്കി കഴുകി അരിഞ്ഞ് ഡ്രയറിൽ ഉണക്കി പായ്ക്ക് ചെയ്ത് തരുന്നതിന് കിലോയ്ക്ക് 10-12 തോതിലാണ് പലയിടത്തും ചാർജ് ഈടാക്കുന്നത്. ഡ്രയർ സൗകര്യം കർഷകർ കൂടുതലായി പ്രയോജനപ്പെടുത്തിയതോടെ കാലാവസ്ഥ, ഉണങ്ങാനുള്ള സൗകര്യം, ജോലിക്കാർ തുടങ്ങിയ പ്രതിസന്ധികളെല്ലാം മാറി.
എന്നാൽ കിലോയ്ക്ക് ചുരുങ്ങിയത് 80 രൂപയെങ്കിലും ഉണക്കകപ്പയ്ക്ക് ലഭിച്ചില്ലെങ്കിൽ കൃഷി നഷ്ടമാണെന്ന് കർഷകർ പറയുന്നു.
ഈ സാഹചര്യത്തിൽ സർക്കാർ സൗജന്യമായി നൽകുന്ന റേഷൻ കിറ്റിൽ ഉണങ്ങിയ കപ്പ ഉൾപ്പെടുത്തിയാൽ കർഷകർക്കും റേഷൻകാർഡ് ഉടമകൾക്കും ഇത് ഒരുപോലെ ഗുണം ചെയ്യുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കിറ്റിൽ പതിവായി ഉൾപ്പെടുത്തിയിട്ടുള്ള ഏതാനും ഇനങ്ങൾ വെട്ടിക്കുറച്ചിട്ടാണെങ്കിലും ഇപ്രകാരം ചെയ്യുന്നത് ഏറെ പ്രയോജനപ്പെടുമെന്നാണ് കർഷകരും വ്യക്തമാക്കുന്നത്.