കോഴിക്കോട്: ദേശീയ അവര്‍ഡ് ജേതാവും നടനുമായ മുസ്തഫ സംവിധാനം ചെയ്ത “കപ്പേള’ യുടെ വ്യാജപതിപ്പിനെതിരേ അണിയറപ്രവര്‍ത്തകര്‍ രംഗത്ത്. ടെലഗ്രാം, ടൊറന്റ് സൈറ്റുകള്‍, യൂട്യൂബ് ചാനലുകള്‍ എന്നിവയില്‍ സിനിമയുടെ വ്യാജപതിപ്പുകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
കഴിഞ്ഞ മാസം 22 നായിരുന്നു ചിത്രം നെറ്റ്ഫ്ളിക്സില്‍ പുറത്തിറങ്ങിയത്. ഓണ്‍ലൈനില്‍ സിനിമയ്ക്ക് വന്‍ പ്രചാരമേറിയതിന് പിന്നാലെ അനുമതിയില്ലാതെ യൂട്യൂബ് ചാനലുകളും മറ്റും വ്യാജപതിപ്പുകള്‍ പുറത്തിറക്കുകയായിരുന്നു.
500 ലേറെ യൂട്യൂബ് ചാനലുകളില്‍ സിനിമ ഉണ്ടെന്നാണ് പറയുന്നത്. അതേസമയം ആന്‍ഡി പൈറസി ടീം 140ഓളം ചാനലുകളില്‍ നിന്ന് സിനിമ ഒഴിവാക്കി. ഫേസ്ബുക്ക് ലൈവ് വഴിയും സിനിമ പ്രചരിപ്പിക്കുന്നുണ്ടെന്ന് സംവിധായകന് മുസ്തഫ “രാഷ്ട്രദീപിക’യോട് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് നെറ്റ്ഫ്ളിക്സിനും യൂട്യൂബിനും പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പുറമേ സംസ്ഥാന പോലീസിന്റെ സൈബര്‍ വിഭാഗത്തിനും പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
പ്രതിസന്ധിയിലൂടെ നീങ്ങുന്ന സിനിമാ മേഖലയെ ഇല്ലാതാക്കാനുള്ള ശ്രമമാണ് വ്യാജപതിപ്പുകള്‍ ഇറക്കി പ്രചരിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഓണ്‍ലൈന്‍ റിലീസിംഗിന് നിരവിധി സിനിമകള്‍ തയാറായിട്ടുണ്ട്.
ടെലഗ്രാമിലും ടൊറന്റ് സൈറ്റിലും വരെ സിനിമ പ്രചരിക്കുകയാണ്. അന്ന ബെന്‍, റോഷന് മാത്യു, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ മലയാള ചിത്രം കപ്പേള മാര്‍ച്ചിലാണ് തിയറ്ററില്‍ റിലീസ് ചെയ്തത്.
ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചുവരുന്നതിനിടെയാണ് കോവിഡ് 19 നെ തുടര്‍ന്ന് തിയറ്ററുകള്‍ അടക്കുന്നത്. തുടര്‍ന്ന് ഈ മാസം നെറ്റ്ഫ്ളിക്സ് സിനിമ ഏറ്റെടുക്കുകയായിരുന്നു.