കൽപ്പറ്റ: വയനാടൻ കാപ്പിക്ക് “വനത്തണലിലെ കാപ്പി’ എന്ന പേരിട്ട് ബ്രാൻഡ് ചെയ്യാൻ പദ്ധതി തയ്യാറാക്കുമെന്ന പ്രഖ്യാപനം കാപ്പി കർഷകർക്ക് പ്രതീക്ഷ നൽകിയിരിക്കുകയാണ്. ഉൽപാദനത്തിലും വിസ്തൃതിയിലും കർണാടക കഴിഞ്ഞാൽ രണ്ടാമതുള്ള കേരളത്തിലെ 85839 ഹെക്ടർ കാപ്പിത്തോട്ടങ്ങളിൽ 80 ശതമാനവും വയനാട്ടിലാണ്. ശേഷിക്കുന്ന 20 ശതമാനത്തിൽ ആറ് ശതമാനം നെല്ലിയാന്പതി (പാലക്കാട്) 14 ശതമാനം ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലാണ്.
ഇന്ത്യയിലെ ഉൽപാദനത്തിന്റെ 20 ശതമാനവും (65000 മെട്രിക് ടണ് ക്ലീൻ കോഫി) കേരളത്തിൽ നിന്നാണ്. കാപ്പിയോടുള്ള ആഭിമുഖ്യം കൂടുകയും കൃഷി വ്യാപിക്കുകയും ചെയ്തിട്ടും വയനാട്ടിലെ കർഷകർക്ക് അതിന്റെ ഗുണം കിട്ടാറില്ല. കുറഞ്ഞ വിലയ്ക്കു കാപ്പി വിറ്റ് കൂടിയ വിലയ്ക്ക് ബ്രാൻഡഡ് കാപ്പി വാങ്ങി കുടിക്കേണ്ട ഗതികേടിലാണ് വയനാട്ടുകാർ.
വയനാടൻ കാർഷിക മേഖലയുടെ നട്ടെല്ലാണ് കാപ്പി കൃഷി. എന്നാൽ ഉൽപാദനച്ചെലവും കാലാവസ്ഥാ വ്യതിയാനവും കാരണം കർഷകർക്ക് ഇതിന്റെ മെച്ചം കിട്ടാറില്ല. തൊഴിലാളികൾക്ക് കൂലി കൊടുക്കാൻ വേണ്ടി കർഷകർ വിളവെടുപ്പ് കഴിഞ്ഞ ഉടൻ തന്നെ കിട്ടുന്ന വിലയ്ക്ക് കാപ്പി വിൽക്കും. വയനാടൻ കാപ്പി ബ്രാൻഡ് ചെയ്യപ്പെടുന്നതോടെ സംസ്കരണത്തിനും മൂല്യവർധിത ഉൽപന്നമാക്കി മാറ്റി വിപണനം നടത്തുന്നതിനുമുള്ള സാധ്യതകളാണ് വർധിക്കുന്നത്.
കൃത്യമായി വേർതിരിച്ച് വിടുന്ന കാപ്പിക്ക് നല്ല വില ലഭിക്കും. ഭൂരിഭാഗവും ചെറുകിട കർഷകരായതിനാൽ തരം തിരിക്കാത്ത ഉണ്ടക്കാപ്പി ആയിത്തന്നെ വിപണിയിൽ കൊടുക്കുകയാണ് പതിവ്. തോട്ടങ്ങളിൽ നിന്ന് കാപ്പി പറിക്കുന്നത് മുതൽ വിപണിയിൽ വരെ വിവിധ തലങ്ങളിൽ കൃത്യമായ ഇടപെടലുകൾ നടത്തുക വഴി തകർന്നുകൊണ്ടിരിക്കുന്ന വയനാട്ടിലെയും കേരളത്തിലെയും കാപ്പികൃഷിയെ തിരിച്ചു കൊണ്ടുവരാനുള്ള പദ്ധതി തയാറാക്കിയാൽ കാപ്പി കൃഷിക്ക് ഉണർവുണ്ടാവും.
ജോലിക്കാരുടെ ദൗർലഭ്യവും മില്ലുകളുടെ അഭാവവും കാരണം ഉണ്ടക്കാപ്പി പരിപ്പാക്കി മാറ്റി വിറ്റുവരുന്ന രീതി പോലും ചെറുകിട കർഷകർ ഇപ്പോൾ ഉപേക്ഷിച്ചിരിക്കുകയാണ്. ഈ രീതി തിരിച്ചുകൊണ്ടുവരുന്നതിന് ചെറുകിട സ്വാശ്രയ സംഘങ്ങൾ രൂപീകരിച്ച് അവരുടെ മേൽ നോട്ടത്തിൽ ശേഖരണം, സംസ്കരണം, സംഭരണം എന്നിവ നടത്തേണ്ടതുണ്ട്.
അൽപം അധ്വാനവും യന്ത്രസഹായവുമുണ്ടെങ്കിൽ (പൾപ്പർ) പാർച്ച്മെന്റ് കാപ്പി ഉണ്ടാക്കാൻ കഴിയും. ഈ വിധം ഉൽപാദിപ്പിക്കുന്ന കാപ്പിക്ക് മികച്ച വിലയും കർഷകന് ലഭിക്കും. എന്നാൽ ഒരു മികച്ച പൾപ്പർ യൂണിറ്റ് സ്ഥാപിക്കാൻ 10 ലക്ഷം രൂപയോളം ചെലവ് വരുമെന്നതിനാൽ ചെറുകിട കർഷകർക്ക് അപ്രാപ്യമെങ്കിലും സംഘങ്ങൾ രൂപീകരിക്കുന്നത് വഴി പദ്ധതി നടപ്പിലാക്കാൻ കഴിയും. കുറഞ്ഞ ജല നഷ്ടം ഉറപ്പുവരുത്തുന്ന ഇക്കോ പൾപ്പറുകൾക്ക് 25 ലക്ഷം രൂപ ചെലവ് വരും.
വലിപ്പം അനുസരിച്ച് പല ഗ്രേഡായി തിരിച്ച് വിപണനം നടത്തുക വഴി കൂടുതൽ വിലയും ലഭിക്കും. അതിനുവേണ്ടി കൃത്യമായ വലുപ്പത്തിൽ കണ്ണികളുള്ള വിവിധ അരിപ്പകൾ ഉപയോഗിച്ചാണ് തരംതിരിക്കുന്നത്. വലുപ്പം അനുസരിച്ച് വെവ്വേറെ തരം തിരിച്ചാണ് ഇന്റർനാഷനൽ ഓക്ഷനുകളിൽ കാപ്പി വിപണനം ചെയ്യുന്നത്. കൃത്യമായി വേർതിരിക്കുന്നത് വഴി പ്രീമിയം വില കാപ്പിക്ക് ലഭ്യമാവും. ഇടനിലക്കാരെ ഒഴിവാക്കി കർഷകർ നേരിട്ട് അന്താരാഷ്ട്ര വിപണിയിൽ ഇടപാടുകൾ നടത്തുന്നതിനുള്ള സാഹചര്യവും ഇന്നു ലഭ്യമാണ്.