കൽപ്പറ്റ: വയനാട്ടിലെ കാപ്പി കർഷകരോട് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും സ്വീകരിക്കുന്ന അവഗണനക്കെതിരെ കേരള കോഫീ സ്മോൾ ഗ്രോവേഴ്സ് അസോസിയേഷൻ ശക്തമായ സമരത്തിനൊരുങ്ങുന്നു. കാപ്പി കർഷകരുടെ കടങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചേർന്ന് എഴുതി തള്ളുക, ഒരു കിലോ കാപ്പിക്ക് 250 രൂപ തറവില നിശ്ചയിക്കുക, പ്രളയക്കെടുതിയിൽ കർഷകർക്കുണ്ടായ നഷ്ടത്തിന്റെ കണക്കെടുത്ത് അടിയന്തര സഹായമെത്തിക്കുക, കാപ്പിക്ക് വിള ഇൻഷ്വറൻസ് ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അസോസിയേഷൻ രംഗത്തിറങ്ങുന്നത്.
ശക്തമായ മഴയിൽ കാപ്പിക്കുരു മുഴുവനും പൊഴിഞ്ഞു പോയി. എല്ലാ നാണ്യവിളകളും നാശത്തിന്റെ വക്കിലാണ്. ഈ സാഹചര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർഷകരുടെ രക്ഷക്കെത്തണം. അല്ലാത്തപക്ഷം വയനാട്ടിൽ കർഷകരുടെ കൂട്ട ആത്മഹത്യകൾ കാണേണ്ട അവസ്ഥ വരുമെന്ന് കേരള കോഫീ സ്മോൾ ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.കെ. വിശ്വനാഥൻ പറഞ്ഞു.
സമരത്തിനൊരുങ്ങുന്നതന്റെ ഭാഗമായി 15ന് ഉച്ചയ്ക്ക് 12ന് കാപ്പി കർഷകരുടെ വിപുലമായ സമര പ്രഖ്യാപന കണ്വെൻഷൻ കൽപ്പറ്റ ടൗണ്‍ ഹാളിൽ ചേരും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്ന കണ്‍വെൻഷനിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ മുഖ്യാതിഥിയായിരിക്കും.
കോഫീബോർഡ് ഡപ്യൂട്ടി ഡയറക്ടർ ഡോ. കറുത്തമണി, മുൻ കോഫീബോർഡ് വൈസ് ചെയർമാൻ പ്രഫ.കെ.പി. തോമസ് എന്നിവർ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസെടുക്കും. മുൻമന്ത്രി പി.കെ. ജയലക്ഷ്മി, എൻ.ഡി. അപ്പച്ചൻ, കെ സി റോസക്കുട്ടി, മുൻ കോഫി ബോർഡ് മെന്പർമാർ മറ്റു കർഷക സംഘടനാ പ്രതിനിധികൾ എന്നിവർ കണ്‍വെൻഷനിൽ പങ്കെടുക്കും.