അടിമാലി: കാപ്പി കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്കി കാപ്പിക്കുരു വില ഉയരുന്നു. ഒരു കാലത്ത് ഹൈറേഞ്ചിലെ പ്രധാന കൃഷികളിലൊന്നായിരുന്നു കാപ്പി. എന്നാൽ, തുടര്‍ച്ചയായുണ്ടായ വിലയിടിവ് വലിയൊരു വിഭാഗം കര്‍ഷകരെ കാപ്പി കൃഷിയില്‍നിന്നു പിന്തിരിയാന് പ്രേരിപ്പിച്ചു. കര്‍ഷകര്‍ മറ്റ് കൃഷികളിലേക്കും തിരിഞ്ഞു.
കാപ്പിക്കുരു വിളവെടുപ്പിനു വേണ്ടിവരുന്ന കൂലി വര്‍ധനവും കര്‍ഷകരെ കൃഷിയില്‍നിന്നു പിന്തിരിപ്പിക്കുന്ന ഘടകമായി. ഇന്ന് കാപ്പി കൃഷി തുടര്‍ന്നുപോന്ന കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്കി കാപ്പിക്കുരു വില ഉയരുകയാണ്.
പച്ചക്കായ കിലോയ്ക്ക് 85 രൂപയ്ക്ക് മുകളില്‍ വില ലഭിച്ചു. ഉണക്കക്കുരുവിന് 230നടുത്തും വിലയായി. പരിപ്പിന് നാനൂറിന് മുകളിലും കഴിഞ്ഞ ദിവസങ്ങളില്‍ വില ലഭിച്ചു. 300 രൂപ ഉണ്ടായിരുന്ന പരിപ്പിന്റെ വിലയാണ് നാനൂറിന് മുകളിലേക്ക് കുതിച്ച് കയറിയത്.
ഉത്പാദനത്തില്‍ വന്നിട്ടുള്ള ഗണ്യമായ കുറവാണ് കാപ്പിക്കുരുവിന്റെ ഇപ്പോഴത്തെ വില വര്‍ധനവിന് കാരണം.കര്‍ഷകര്‍ പലരും കൃഷിയില്‍നിന്നു പിന്തിരിഞ്ഞതിനൊപ്പം കാലാവസ്ഥാ വൃതിയാനവും ഉത്പാദനക്കുറവിനും ഇടവരുത്തിയിട്ടുണ്ട്.
മെച്ചപ്പെട്ട വില ലഭിക്കുമ്പോഴും കാപ്പിക്കുരു വിപണിയിലെത്തിക്കുന്ന കര്‍ഷകരുടെ എണ്ണം വളരെ വിരളമാണ്.വില വര്‍ധിച്ചതോടെ ചില കര്‍ഷകര്‍ കൃഷി പുനരാരംഭിച്ചിട്ടുമുണ്ട്.