ആറ്റിങ്ങൽ: ഇടവ കാപ്പിൽ പൊഴിമുഖത്ത് കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കല്ലമ്പലം മാവിൻമൂട് പ്ലാവിള വീട്ടിൽ വിഷ്ണു(19)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
മാവിൻമൂട് സ്വദേശി ആരോമലിനെ (അച്ചു,16) ഇതുവരെ കണ്ടെത്താനായില്ല. ഞായറാഴ്ച വൈകുന്നേരം 4.45നായിരുന്നു അപകടം. തിരയിൽപ്പെട്ട കല്ലുവാതുക്കൽ സ്വദേശി ആദർശിനെ(17) നാട്ടുകാർ രക്ഷപ്പെടുത്തി.
കടൽത്തീരത്തെത്തിയ രണ്ട് സംഘങ്ങളിൽപ്പെട്ട മൂന്നുപേരാണ് അപകടത്തിൽപ്പെട്ടത്. വിഷ്ണുവും ആരോമലും നാവായിക്കുളം സ്വദേശി കണ്ണനുമടങ്ങിയ സംഘം വൈകുന്നേരം നാലിന് തീരത്തെത്തിയത്.
വിഷ്ണുവും ആരോമലും കടലിൽ ഇറങ്ങുകയും കണ്ണൻ കരയിൽ നിൽക്കുകയുമായിരുന്നു. ഇരുവരും കടലിൽ നീന്തിക്കുളിക്കുമ്പോൾ ശക്തമായ തിരയിലും അടിയൊഴുക്കിലും പെട്ട് മുങ്ങിത്താഴുകയായിരുന്നു.
കല്ലുവാതുക്കലിൽ നിന്നെത്തിയ അഞ്ചംഗസംഘത്തിലെ ആദർശും കുളിക്കുന്നതിനിടെ തിരയിൽപ്പെട്ടു ഒപ്പമുള്ളവർ വിവരമറിയിച്ചതിനെത്തുടർന്ന് കാപ്പിൽ ബോട്ട് ക്ലബിൽ നിന്നും സ്പീഡ് ബോട്ടിൽ ലൈഫ് റിംഗ് എത്തിക്കുകയും പ്രദേശവാസി റിംഗ് ഉപയോഗിച്ച് ആദർശിനെ രക്ഷപ്പെടുത്തുകയായിരുന്നു.
വിവരമറിഞ്ഞ് വർക്കല ഡിവൈഎസ്പി പി.നിയാസിന്റെ നേതൃത്വത്തിൽ പോലീസും പരവൂരിൽനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തെരച്ചിൽ നടത്തി. വിഷ്ണു ഐടിഐ വിദ്യാർഥിയും ആരോമൽ 10-ാം ക്ലാസ് വിദ്യാർഥിയുമാണ് ചുഴിയും ശക്തമായ അടിയൊഴുക്കുമാണ് അപകടത്തിനു കാരണമായത്.