കാപ്പിപ്പൊടികൊണ്ട് വിസ്മയചിത്രങ്ങൾ തീർക്കുന്ന സജ്നയുടെ കോഫി പെയിന്റിംഗിന്റെ പെരുമ ഡൽഹി രാഷ്ട്രപതി ഭവനിലും.എടത്തനാട്ടുകര സ്വദേശി സജ്ന ക്രാഫ്റ്റ് ഹൗസിനാണ് രാഷ്ട്രപതിഭവനിൽ നടക്കുന്ന ഉദ്യംഉത്സവിൽ പങ്കെടുത്തു പെയിന്റിംഗ് പ്രദർശിപ്പിക്കാൻ അവസരം ലഭിച്ചിരിക്കുന്നത്.കാൻവാസ്, മരം, പേപ്പർ തുടങ്ങി വ്യത്യസ്ത മാധ്യമങ്ങളിൽ പെയിന്റിന് പകരമായി ഇൻസ്റ്റന്റ് കോഫി പൗഡർ ഉപയോഗിച്ചാണ് കോഫി പെയിന്റിംഗ് നിർമിക്കുന്നത്.
ഹൈദരാബാദ്, മൈസൂർ, വെസ്റ്റ് ബംഗാളിലെ ശാന്തിനികേതൻ തുടങ്ങിയ സ്ഥലങ്ങളിൽ കേന്ദ്ര ടെക്സ്റ്റൈൽ മിനിസ്ട്രി സംഘടിപ്പിച്ച പ്രദർശനങ്ങളിലും പങ്കെടുക്കാൻ സജ്നക്ക് അവസരം ലഭിച്ചിരുന്നു.കേന്ദ്ര എംഎസ്എംഇ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലാണ് രാഷ്ട്രപതി ഭവനിൽ ഉദ്യം ഉത്സവ് എന്ന പേരിൽ ഇപ്പോൾ പ്രദർശനം നടക്കുന്നത്.
വിവിധ സംസ്ഥാനങ്ങളിൽനിന്നും തെരഞ്ഞെടുത്ത 72 സംരംഭകരാണ് ഉദ്യം ഉത്സവിൽ പങ്കെടുക്കുന്നത്. ഇതിൽ കേരളത്തിൽനിന്നും മൂന്നു സംരംഭങ്ങൾക്കാണ് പങ്കെടുക്കാൻ അവസരം ലഭിച്ചിരിക്കുന്നത്.പി.എം. വിശ്വകർമ്മ ട്രൈബൽ എന്റർപ്രണേഴ്സ് പവലിയൻ, വുമൺ എന്റർപ്രണേഴ്സ് പവലിയൻ, ഗ്രീൻ ആൻഡ് എംഎസ്എംഇ ടെക് പവലിയൻ, ഓർഗാനിക് ഫുഡ് ആൻഡ് അഗ്രോ ബേസ്ഡ് പവലിയൻ, ഹെറിറ്റേജ് ആൻഡ് ഹാൻഡിക്രാഫ്റ്റ് പവിലിയൻ, എം എസ് എം ഇ ബിസിനസ് സപ്പോർട്ട് പവലിയൻ തുടങ്ങിയ ആറുപവലിയനുകളിലായി 12 പേർ വീതമാണ് മേളയിൽ പങ്കെടുക്കുന്നത്.
ഇതിൽ ഹെറിറ്റേജ് ആൻഡ് ഹാൻഡിക്രാഫ്റ്റ് പവലിയനിലാണ് കോഫി പെയിന്റിംഗ് ഇടം പിടിച്ചിരിക്കുന്നത്. ഈമാസം 20ന് ആരംഭിച്ച പ്രദർശനം ഇന്നലെ സമാപിച്ചു.പരിപാടിയുടെ ഉദ്ഘാടന ദിവസം സ്റ്റാളുകൾ സന്ദർശിക്കുന്ന അവസരത്തിൽ രാഷ്ട്രപതിയുമായി സംസാരിക്കാൻ സജ്നക്ക് അവസരം ലഭിച്ചിരുന്നു.വിദ്യാർഥികളും വീട്ടമ്മമാരുമുൾപ്പെടെ അയ്യായിരത്തിലധികംപേർ സജ്നയിൽനിന്നും കോഫി പെയിന്റിംഗിൽ പരിശീലനം നേടിയിട്ടുണ്ട്.