കോട്ടയം: കടുംകാപ്പിക്ക് ചായക്കടയില്‍ വില കൂട്ടിവാങ്ങിയാല് പരിഭവം പറഞ്ഞിട്ടു കാര്യമില്ല. കാപ്പിപ്പൊടി കിലോ വില 550 കടന്നിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ 300 രൂപയില്‍നിന്നാണ് ഈ കയറ്റം.
കാപ്പിക്കുരു തൊണ്ടന് 120-130, കുത്തിയത് 350-360 നിരക്കിലേക്ക് കയറി.മൂന്നു വര്‍ഷം മുന്‍പുവരെ കാപ്പി പറിച്ചാല്‍ പണിക്കൂലി കര്ഷകന് മുതലാകില്ലായിരുന്നു. കാപ്പി ആര്‍ക്കും പറിച്ചുകൊണ്ടുപോകാം എന്നു ബോര്‍ഡ് വച്ച കാലവുമുണ്ട്.
കാപ്പിപ്പൊടി വില രണ്ടാഴ്ചയ്ക്കുള്ളിലാണ് കിലോയ്ക്ക് 120 മുതല്‍ 150 രൂപ വരെ ഉയര്‍ന്നത്. വിദേശത്ത് ഡിമാന്‍ഡ് വര്‍ധിച്ചതോടെ കാപ്പിക്കുരു കിട്ടാനില്ലാത്തത് ഡിമാന്‍ഡ് ഉയര്‍ത്തി. കാപ്പിക്കുരു വില ഉയരുമെന്ന് അറിയാതെ വിളവെടുപ്പു സീസണില്‍ വിറ്റുപോയത് ചില കര്‍ഷകര്‍ക്ക് തിരിച്ചടിയായി.
റബര്‍ നിരാശപ്പെടുത്തുമ്പോള്‍ കാപ്പിയും കൊക്കോയും കുരുമുളകും ഇഞ്ചിയും ഇക്കൊല്ലം നേട്ടമാകുകയാണ്.അതേസമയം വാഴക്കുലയ്ക്ക് വില കുത്തനെ ഇടിയുകയും ചെയ്തു.നാടന്‍ ഞാലിപ്പൂവനും പാളയംകോടനും വ്യാപാരികള്‍ വാങ്ങാന്‍ താത്പര്യപ്പെടുന്നില്ല.
കൊടുചൂടില്‍ പഴം പെട്ടെന്നി കറുത്ത് കേടാകുന്നതിനാൽ വിറ്റുപോകുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വാഴക്കുല പഴുത്താല്‍ കൂടുതല്‍ ദിവസം കേടാകാതെ നില്ക്കും.
നിലവില്‍ കുരുമുളകിനു 550 രൂപ വിലയുണ്ട്. മുന്‍വര്‍ഷങ്ങളില്‍ കുരുമുളക് വില കിലോ 700 രൂപവരെ ഉയര്‍ന്നിരുന്നു.