നെല്ലിയാമ്പതി: തെക്കേ ഇന്ത്യയിൽ പാവങ്ങളുടെ ഊട്ടി എന്ന പേരിലറിയപ്പെടുന്ന ഒരു മലയോര മേഖലയായ നെല്ലിയാ മ്പതിയിൽ ഇപ്പോൾ പൂക്കാലം വരവായി. വേനൽമഴ ചെറിയ തോതിൽ ലഭിച്ചതോടെ നെല്ലിയാമ്പതിയിലെ കാപ്പിതോട്ടം മുഴുവനും പൂത്തു.
നവംബർ മുതൽ കാപ്പിയുടെ വിളവെടുപ്പ് തുടങ്ങി മാർച്ച് അവസാനമാകുമ്പോൾ വിളവെടുപ്പ് പൂർത്തിയാവുകയും ചെയ്യും. തുടർന്ന്, മഴ ലഭിച്ചാൽ എല്ലാ കാപ്പിചെടികളിലും ഒരുമിച്ച് പൂവിടരും. ഇത് കാപ്പിതോട്ടങ്ങൾക്ക് ഇടയിൽ കൂടി യാത്ര ചെയ്യുമ്പോൾ അതിമനോഹനമായ കാഴ്ചയാണ് കാണാനാകുന്നത്. പ്രകൃതിരമണീയതയും കാപ്പി പൂത്തുനില്ക്കുന്ന കാഴ്ചയും, കാപ്പിപൂവിന്‍റെ സുഗന്ധവും നെല്ലിയാമ്പതിയുടെ പ്രകൃതി ഭംഗിക്ക് മാറ്റുകൂട്ടുന്ന കാഴ്ചയാണ്.
സാധാരണ കാപ്പി വിളവെടുപ്പ് കഴിഞ്ഞയുടൻ ലഭിക്കുന്ന ആദ്യത്തെ മഴയ്ക്ക് കാപ്പി പൂക്കുകയും തുടർന്ന് ലഭിക്കുന്ന മഴയ്ക്ക് വീണ്ടും പൂക്കുകയും ചെയ്യുന്നതാണ് ഇതിന്‍റെ രീതി. നെല്ലിയാമ്പതിയിലെ മുഴുവൻ കാപ്പിതോട്ടങ്ങളിലും ഒന്നിച്ച് കാപ്പി പൂത്തുനില്ക്കുന്ന കാഴ്ച വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്നു.