നെല്ലിയാന്പതി: ഓഗസ്റ്റ് 16 ന് രാത്രി എട്ടുമണിയോടെയുണ്ടായ ഉരുൾപൊട്ടലിനെതുടർന്ന് 90 ഏക്കറോളം വനവും കാപ്പിത്തോട്ടവും അഞ്ചു കിലോമീറ്റർ ദൂരേക്ക് ഒലിച്ചുപോയി. കട്ട്ളപ്പാറയിൽ ഉണ്ടായിരുന്ന അഞ്ചുപേർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
മിന്നാംപാറയ്ക്കു സമീപമുളള കരിമലയിൽ ഉദ്ഭവിച്ച ഉരുൾപൊട്ടലിലാണ് വാഴക്കുണ്ട്, കട്ട്ളപ്പാറ എന്നീ പ്രദേശങ്ങളിലെ ഏക്കർകണക്കിനു സ്ഥലത്തെ മരങ്ങളും മണ്ണും ഒലിച്ചുപോയത്. കട്ട്ളപ്പാറയിലെ കാപ്പിത്തോട്ടത്തിലെ ഒരു കിലോമീറ്റർ ദൂരമുള്ള വഴിയും കാപ്പിച്ചെടികളും കവുങ്ങും ഉരുൾപൊട്ടലിനെതുടർന്ന് അപ്രത്യക്ഷമായി.
കട്ട്ളപ്പാറ എസ്റ്റേറ്റിലെ പ്രധാന ഭാഗം ഇപ്പോൾ മണൽതീരമായിട്ടാണ് കാണപ്പെടുന്നത്. അരകിലോമീറ്ററോളം അകലത്തിൽ മണ്ണും മരങ്ങളും ഒലിച്ചുപോയ പ്രദേശത്ത് വലിയ പാറക്കല്ലുകളും മരങ്ങളുടെ അവശിഷ്ടങ്ങളും നിറഞ്ഞുകിടക്കുന്നു. പ്രദേശത്ത് പുതിയ ഒരു പുഴ തന്നെ രൂപപ്പെട്ട് ഭീകരാന്തരീക്ഷമാണ് പ്രകൃതി സൃഷ്ടിച്ചിരിക്കുന്നത്.
പ്രദേശത്തു മുന്പുണ്ടായിരുന്ന ചെറിയ പുഴയുടെ അകലവും ആഴവും ക്രമാതീതമായി വർധിക്കുകയും ഇരുകരകളിലുമുളള മരങ്ങൾ ഉരുൾപൊട്ടലിനെതുടർന്ന് അപ്രത്യക്ഷമാവുകയും ചെയ്തു.രാത്രി എട്ടരയോടെ ഉണ്ടായ ഉരുൾപൊട്ടലിന്റെ ശബ്ദം കേട്ട് കട്ട്ളപ്പാറ എസ്റ്റേറ്റിലെ മാനേജർ കൃഷ്ണൻനായർ, തൊഴിലാളികളായ രമേഷ്, വീരമ്മ, സുമതി, അണ്ണാമല എന്നിവർ കുടയുമെടുത്ത് പെരുമഴയത്തു വീടിന്റെ പിറകുവശത്തുളള എസ്റ്റേറ്റിന്റെ ഉയരം കൂടിയ സ്ഥലത്തേക്ക് ഓടിയെത്തുകയും, രാവിലെ ആറുവരെ ഈ സ്ഥലത്തുതന്നെ നില്ക്കുകയും ചെയ്തു.
ഇവർ താമസിച്ചിരുന്ന പാടിയുടെ മുറ്റംവരെ വെള്ളം കയറി. പാടിയിൽനിന്നും 30 അടി ദൂരത്തിൽ ഉണ്ടായിരുന്ന വൻമരങ്ങൾ വരെ മഴവെള്ളപ്പാച്ചലിൽ ഒലിച്ചുപോയി. രണ്ടു പ്രാവശ്യമാണ് വൻശബ്ദത്തോടുകൂടി ഉരുൾപൊട്ടൽ ഉണ്ടായതെന്നു കൃഷ്ണൻനായർ പറഞ്ഞു.നെല്ലിയാന്പതിയിലെ പുലയൻപാറയിൽനിന്നും കൊട്ടയങ്ങാട്, കൈലാസം എസ്റ്റേറ്റിന് അരികിൽകൂടിയാണ് കട്ട്ളപ്പാറയിലേക്കുള്ള വണ്ടിവഴി.
ഈ മണ്പാതയിൽ ഫോർവീൽ ജീപ്പിൽ മാത്രമേ യാത്ര ചെയ്യാൻ പറ്റൂ. അല്ലെങ്കിൽ ആറുകിലോമീറ്ററോളം നടന്നാൽ മാത്രമേ കട്ട്ളപ്പാറയിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളൂ. ഉരുൾപൊട്ടലിനെതുടർന്ന് കൈലാസം എസ്റ്റേറ്റ് മുതൽ കട്ട്ളപ്പാറ വരെയുളള ജീപ്പ് റോഡിൽ 30 ഓളം സ്ഥലങ്ങളിൽ ഉരുൾപൊട്ടി മണ്ണൊലിച്ചുപോയിട്ടുണ്ട്.
25 ഓളം സ്ഥലങ്ങളിൽ വൻമരങ്ങൾ കടപുഴകി വീണിട്ടുണ്ട്. നിലവിൽ ജീപ്പ്റോഡിന്റെ ഗതിതന്നെ ഏതു ദിശയിലാണുണ്ടായിരുന്നതെന്നു മനസിലാക്കാൻ പറ്റാത്ത അവസ്ഥയാണ്.കൈകാട്ടി ആശുപത്രിയിലെ രണ്ട് വനിതാ ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ സംഘം കൈലാസം എസ്റ്റേറ്റിൽനിന്നും പുതിയതായി രൂപപ്പെട്ട പുഴകൾ കടന്ന് ചെളിയും പാറക്കല്ലുകളും കടപുഴകിയ മരങ്ങളും കിടക്കുന്ന ഭീകരാന്തരീക്ഷത്തിൽകൂടി ഉച്ചമുതൽ നാലുവരെ നടന്നാണ് കട്ട്ളപ്പാറ എസ്റ്റേറ്റിൽ എത്തിയത്.
23 ദിവസമായി ഒറ്റപ്പെട്ടുപോയ കട്ട്ളപ്പാറയിലേക്ക് മെഡിക്കൽ സംഘത്തെ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ ജെ.ആരോഗ്യം ജോയ്സനാണ് നയിച്ചത്.