കൊച്ചി: തീരക്കടലിൽ നങ്കൂരമിട്ടു കിടന്നിരുന്ന മത്സ്യബന്ധന ബോട്ടിൽ ഇടിച്ചതു മാലിക്കിൽ എന്ന കപ്പലല്ലെന്നു കണ്ടെത്തൽ. ദക്ഷിണ നാവിക സേനയുടെയും തീരസംരക്ഷണ സേനയുടെയും നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ ഗുജറാത്ത് തീരത്തേയ്ക്കു പോകുകയായിരുന്ന മഹർഷ് ഭരദ്വാജെന്ന കപ്പലാണ് അപകടമുണ്ടാക്കിയതെന്നാണു പ്രാഥമിക നിഗമനം.
എന്നാൽ, ഇതു സംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്നും കുടുതൽ അന്വേഷണത്തിനുശേഷം മാത്രമേ വ്യക്തതയുണ്ടാകൂവെന്നും അധികൃതർ പറഞ്ഞു. കടലിൽ നടത്തിയ പരിശോധനയിലൂടെയാണ് അപകടം ഉണ്ടാക്കിയത് മാലിക്കിൽ എന്ന കപ്പലല്ലെന്നു തിരിച്ചറിഞ്ഞത്. ഇന്നലെ പുലർച്ചെ 4.30 നു കൊച്ചി അഴിമുഖത്തിനു വടക്ക് പടിഞ്ഞാറ് 18 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം സംഭവിച്ചത്.
മാലിക്കിൽ എന്ന കപ്പലാണ് ഇടിച്ചതെന്നും കപ്പൽ നിർത്താതെ പോയെന്നും തൊഴിലാളികൾ കോസ്റ്റൽ പോലീസിൽ അറിയിക്കുകയായിരുന്നു. അപകടം നടന്നെന്നു തൊഴിലാളികൾ വ്യക്തമാക്കിയ സമയത്ത് ഈ പ്രദേശത്തുകൂടി മാലിക്കിൽ എന്ന കപ്പൽ സഞ്ചരിച്ചിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.
അതേസമയം, മഹർഷ് ഭരദ്വാജെന്ന കപ്പൽ ഇതുവഴി കടന്നുപോയിട്ടുമുണ്ട്. ഇതേത്തുടർന്നാണ് ഈ കപ്പലാകാം അപകടം വരുത്തിവച്ചതെന്നു അധികൃതർ സംശയിക്കുന്നത്. കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ ഇതു സംബന്ധിച്ച വ്യക്തതയുണ്ടാകൂ. പള്ളിപ്പുറം ആര്യച്ചേരി ജോർജിന്റെ ഉടമസ്ഥതയിലുള്ള ‘നോഹ’എന്ന ബോട്ടിലാണ് കപ്പലിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ബോട്ടിൽനിന്നു തെറിച്ചുവീണ മത്സ്യത്തൊഴിലാളികളായ പള്ളിപ്പുറം പുതുശേരി ജോസി (67), പറവൂർ തത്തപ്പളളി പ്ലാസം പറന്പിൽ അശോകൻ (52) എന്നിവർക്കു പരിക്കേറ്റിരുന്നു.