സിജോ പൈനാടത്ത്
കൊച്ചി: പെരിയാറിന്റെ തീരത്തു പ്രകൃതിഭംഗി ആസ്വദിക്കാനും വന്യജീവികളെയും ശലഭങ്ങളെയും അടുത്തറിയാനും കപ്രിക്കാട് അഭയാരണ്യം സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. പെരുന്പാവൂരിനടുത്തു കൂവപ്പടി പഞ്ചായത്തിലാണ് അഭയാരണ്യം. വനംവകുപ്പിന്റെ നേച്ചർ സ്റ്റഡി സെന്ററിനു കീഴിലാണു 90 ഹെക്ടറോളം വരുന്ന ഈ പ്രദേശം. ഇല്ലിക്കാടുകളും ഏറുമാടങ്ങളും പുഴയോരത്തെ സഞ്ചാരപാതയും സൗന്ദര്യം കൂട്ടുന്ന അഭയാരണ്യത്തിൽ ആറ് ആനകളുണ്ട്. നാൽപതു വയസിൽ താഴെയുള്ള രണ്ടു കൊന്പനാനകളും നാലു പിടിയാനകളും.
കോടനാടുള്ള ആനപരിശീലന കേന്ദ്രത്തിൽ വളർത്തിയിരുന്ന ആനകളെയാണ് അഭയാരണ്യത്തിലേക്കു മാറ്റിയിട്ടുള്ളത്. നൂറോളം മാനുകളാണ് അഭയാരണ്യത്തിലെ മറ്റൊരു ആകർഷകമായ കാഴ്ച. പുള്ളിമാനുകളും മ്ലാവുകളും മാൻപാർക്കിലുണ്ട്. കൂടിന്റെ പരിമിതിയില്ലാതെ നിശ്ചിത മേഖലയിൽ വിശാലമായി മേഞ്ഞു നടക്കുകയാണു മാനുകൾ. ഇടയ്ക്കു നിശ്ചിത എണ്ണം മാനുകളെ കാട്ടിലേക്കു വിടും. ആനകൾക്കായി ആനക്കൂടിന്റെ നിർമാണം പുരോഗമിക്കുന്നു.
പെരിയാർ തീരത്ത് ഒരു കിലോമീറ്റർ സഞ്ചരിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനും സാധിക്കുന്ന തരത്തിൽ സഞ്ചാരികൾക്കായി നടപ്പാതയും ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. ഇല്ലിച്ചെടികൾ വെട്ടിയൊരുക്കിയാണ് ഇരിപ്പിടങ്ങൾ തീർത്തിരിക്കുന്നത്. മരങ്ങൾക്കു മുകളിൽ രണ്ട് ഏറുമാടങ്ങളും ഒരുക്കിയിരിക്കുന്നു. ചിത്രശലഭങ്ങളുടെ പാർക്ക്, ഫ്രൂട്ട് ഗാർഡൻ, ചിൽഡ്രൻസ് പാർക്ക് എന്നിവയും ഇവിടെയുണ്ട്.
2015 ലാണ് അഭയാരണ്യം ആരംഭിച്ചത്. കോടനാട് ആന പരിശീലന കേന്ദ്രത്തിൽനിന്ന് ആനകളെ ഇങ്ങോട്ടു മാറ്റിയശേഷം അഭയാരണ്യത്തിൽ സന്ദർശകരുടെ എണ്ണം വർധിച്ചു. ആഴ്ചയിൽ ശരാശരി അയ്യായിരത്തോളം സന്ദർശകർ ഇവിടെയെത്തുന്നു. വിനോദസഞ്ചാരത്തിനു പുറമേ, പ്രകൃതിപഠനത്തിന്റെ ഭാഗമായും ഇവിടെ ആളുകൾ വരുന്നുണ്ട്.
പെരുന്പാവൂരിൽനിന്നു 14 കിലോമീറ്ററാണു കപ്രിക്കാടിലേക്കുള്ള ദൂരം. ഇവിടുന്ന് എട്ടു കിലോമീറ്ററപ്പുറമാണു പ്രസിദ്ധ ടൂറിസ്റ്റ് കേന്ദ്രമായ പാണിയേലി പോര്. തിങ്കൾ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ വൈകുന്നേരം അഞ്ചുവരെയാണ് അഭയാരണ്യത്തിൽ പ്രവേശനം. പ്രവേശനഫീസ് 20 രൂപ. സ്കൂൾ വിദ്യാർഥികൾക്കു രണ്ടു രൂപ മതിയാകും. വിദേശികൾക്കു 100 രൂപ. ഫോൺ: 0484 2649052.