കുമരകം: അർജന്റീനയുടെ കിരീട നേട്ടത്തിൽ ആഹ്ലാദിച്ച് കുമരകത്തിന്റെ 108 കാരൻ കാരണവർ. കേരളത്തിലെ ഏറ്റവും പ്രായം കൂടിയ അർജന്റീനിയൻ ആരാധകൻ എന്നു പേരെടുത്ത ആളാണ് പരുവക്കൽ ഒ.ജെ. ഫിലിപ്പ് എന്ന നാട്ടുകാരുടെ ഇള്ളപ്പൻ.
കഴിഞ്ഞ ലോകകപ്പിൽ കേരളത്തിലാകമാനം അർജന്റീനക്ക് വിജയാശംസകൾ അർപ്പിച്ചു സ്ഥാപിച്ച ഫ്ളക്സുകളിലും നവമാധ്യമ പോസ്റ്റുകളിലും ഇള്ളപ്പനും പ്രധാന താരമായിരുന്നു.
കഴിഞ്ഞ ലോകകപ്പിലും അർജന്റീനയുടെ വിജയവും മെസി കപ്പ് ഉയർത്തുന്നതും കാണാൻ ആഗ്രഹിച്ച് കാത്തിരുന്നു ഇള്ളപ്പൻ.
അന്ന് അഗ്രഹിച്ച വിജയം കോപ്പ അമേരിക്കയിലൂടെ മെസിയും കൂട്ടരും ഇന്നലെ നേടിയെങ്കിലും ആഹ്ലാദത്തിൽ പങ്കു ചേരാൻ ഇള്ളപ്പനായില്ല.
കുമരകത്ത് ട്രിപ്പിൾ ലോക്ഡൗണുള്ളതിനാൽ ബന്ധുക്കൾ കർശന സുരക്ഷാവലയത്തിൽ പരിപാലിക്കുന്നതാണ് ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ അവസരം നിഷേധിച്ചത്.
കുടുംബ വീട്ടിൽ ഏകനായി താമസിപ്പിച്ച് പരിപാലിക്കാൻ ഒരാളെ നിയോഗിച്ചിരിക്കുകയാണ് ബന്ധുക്കൾ. സമയാസമയങ്ങളിൽ ആഹാരം എത്തിച്ചു നൽകാൻ വീട്ടുകാർ എത്തുന്നതല്ലാതെ മറ്റാർക്കും പ്രവേശനം ഇല്ല.
ലോകകപ്പ് ഉൾപ്പടെ ഓരോ പ്രധാന മത്സരങ്ങൾ അരങ്ങേറുന്പോഴും വീടാകെ അർജന്റീനൻ ജേഴ്സിയുടെ പെയിന്റ് അടുപ്പിച്ച് അർജന്റീനൻ 10-ാം നംന്പർ ജേഴ്സി അണിഞ്ഞ് പുലരുവോളം ടെലിവിഷന്റെ മുന്നിൽ ഉറക്കം അളച്ചിരിക്കുക പതിവാണ്.
മാർച്ച് 17നു 108-ാം ജന്മദിനം ആഘോഷിച്ച ഇള്ളപ്പനച്ചായൻ നൽകിയ സംഭാവനകൾ കുമരകം നിവാസികൾ ഒരിക്കലും മറക്കില്ല. കായികരംഗത്ത് ബഹുമുഖ പ്രതിഭയായിരുന്ന ഇളളപ്പനച്ചായൻ കോളജിലെ ഫുട്ബോൾ, ബാസ്കറ്റ് ബോൾ ടീമുകളുടെ ക്യാപ്റ്റനും ടെന്നിസ്, ബാഡ്മിൻഡൻ താരവുമായിരുന്നു.
കോട്ടയത്തെ ആദ്യകാല ഫുട്ബോൾ ക്ലബായ എച്ച്എംസി രൂപീകരിക്കുകയും ടീമിന്റെ പ്രധാന കളിക്കാരനുമായിരുന്നു.
കോട്ടയത്തുനിന്നും കുമരകത്തേക്ക് ആദ്യം ഓടി തുടങ്ങിയ ഇൻഡസ്ട്രിയൽ എന്ന യാത്ര ബസ് ആരംഭിക്കുന്നതിനുവേണ്ടിയും പിന്നീട് കൂടുതൽ ബസുകൾ എത്തുന്നതിനുമായി ബസ് പാസഞ്ചർ അസോസിയേഷൻ സംഘടന ഉണ്ടാക്കുകുകയും സമരങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു. തുടർച്ചയായി 15 വർഷം കുമരകം വൈഐംസിഎയുടെ പ്രസിഡന്റായിരുന്നു.