1998ലാണ് സിമ്രാൻ സൂദ് എന്ന അതിസുന്ദരിയായ മോഡലിനെ പലൻഡേ പരിചയപ്പെടുന്നത്. അവളെ എങ്ങനെയും സ്വന്തമാക്കണമെന്ന് അയാൾ അതിയായി ആഗ്രഹിച്ചു. അവളെ സന്തോഷിപ്പിക്കാനായി അയാൾ ധാരാളം പണം ചെലവഴിച്ചു.
ഇതോടെ അയാളോടുള്ള സൗഹൃദം അവൾക്കും ആവശ്യമായി വന്നു. എന്നാൽ, അവൾക്കും തിരിച്ചറിയാനാകാതെ പോയ ഒരു ഭൂതകാലം ഇയാൾക്ക് ഉണ്ടായിരുന്നു. 2002ൽ പലൻഡേ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ ആയിരുന്നു. എന്നാൽ, അടുത്ത വർഷം പരോളിലിറങ്ങിയ ഇയാൾ മുങ്ങി.
2003ൽ ബാങ്കോങ്കിലേക്കു കടന്ന പലൻഡേ, പ്ലാസ്റ്റിക് സർജറിയിലൂടെ രൂപമാറ്റം വരുത്തിയ ശേഷം കരൺ സൂദ് എന്ന പേരിൽ 2005ൽ ഇന്ത്യയിൽ തിരിച്ചെത്തി. വിജയ് പലൻഡേയ്ക്കു ഉണ്ടായിരുന്ന അനേകം പേരുകളിൽ ഒന്നായിരുന്നു കരൺ സൂദ്.
പലൻഡേയെ ചോദ്യം ചെയ്യുന്നതിനിടയിൽ സിമ്രാൻ സൂദ് എന്ന പേര് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. നേരത്തെ കരൺ കക്കഡിന്റെ തിരോധാനവുമായി ബന്ധപ്പെട്ട്, സിമ്രാൻ സൂദിനെ അമ്പോളി പോലീസ് വിളിപ്പിച്ചിരുന്നതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. അതോടെ സിമ്രാനെ വീണ്ടും വിളിച്ചുവരുത്തി.
തെല്ലു പരിഭ്രമത്തോടെയാണ് ഇത്തവണ അവൾ ക്രൈംബ്രാഞ്ച് ഒാഫീസിൽ എത്തിയത്. പലൻഡേയുമായുള്ള ബന്ധം എന്താണെന്ന പോലീസിന്റെ ചോദ്യത്തിന് ഭാര്യയാണെന്നായിരുന്നു അവളുടെ മറുപടി. ഇതോടെ ഇവളുടെ ഫ്ളാറ്റിനു സമീപം താമസിച്ചിരുന്ന കരൺ കക്കഡിനെക്കുറിച്ചായി പോലീസിന്റെ ചോദ്യങ്ങൾ. ആദ്യമൊക്കെ പിടിച്ചുനിന്നെങ്കിലും വിശദമായ ചോദ്യം ചെയ്യലിൽ കരൺ കക്കഡിനെ തനിക്ക് അറിയാമെന്നു സിമ്രാൻ സമ്മതിച്ചു.
കരണിന് സംഭവിച്ചത്?
ഇതോടെ പലൻഡേയ്ക്കു കരണിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബന്ധമുണ്ടോയെന്നായി പോലീസിന്റെ ചോദ്യങ്ങൾ. നിരന്തരമായ ചോദ്യം ചെയ്യലുകൾക്കൊടുവിൽ പലൻഡേ ചില കാര്യങ്ങൾ വെളിപ്പെടുത്തി.
ഒബ്റോയ് സ്പ്രിംഗ്ഫീൽഡ്സ് അപ്പാർട്ട്മെന്റിലെ താമസക്കാരനായ, കാറിൽ വരുന്ന സുമുഖനായ കരൺ കക്കഡ് എന്ന ചെറുപ്പക്കാരനെ പലൻഡേ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വലിയ സമ്പന്നരുമായിട്ടുള്ള കരണിന്റെ സൗഹൃദം പലൻഡേയെ അന്പരപ്പിച്ചു.
ഉറപ്പായും കരണും വലിയ സമ്പന്നനായിരിക്കുമെന്ന് അയാൾ കണക്കാക്കി. കരണിന്റെ സന്പത്തിൽ കണ്ണുടക്കിയോടെ പലൻഡേയുടെ ക്രിമിനിൽ ബുദ്ധി പ്രവർത്തിച്ചുതുടങ്ങി. അതിസുന്ദരിയായ സിമ്രാൻ വിചാരിച്ചാൽ കരണിനെ വലയിലാക്കാൻ കഴിയുമെന്ന് അയാൾക്കു തോന്നി. അങ്ങനെ സിമ്രാൻ സൂദുമായി ഇക്കാര്യം ചർച്ച ചെയ്തു. അയാളെ വലയിലാക്കാൻ രണ്ടു പേരുംകൂടി ഒരു പദ്ധതി തയാറാക്കി.
തേടിയെത്തിയ സുന്ദരി
പ്രണയം നടിച്ചു കരണിനെ വരുതിയിലാക്കാനുള്ള നിർദേശങ്ങളാണ് പലൻഡേ സിമ്രാനു നൽകിയിരുന്നത്. തുടക്കത്തിൽ ആ വഴിക്കുതന്നെ കാര്യങ്ങൾ നീങ്ങി. തുടർന്നുള്ള ദിവസങ്ങളിൽ സിമ്രാൻ കരണിനു പിന്നാലെ കൂടി. ആ ചെറുപ്പക്കാരനുമായി മനപൂർവം പരിചയമുണ്ടാക്കി.
തന്നെ സമീപിച്ചിരിക്കുന്ന വിപത്തിന്റെ ആഴം അറിയാതെ അവൻ സുന്ദരിയായ സിമ്രാന്റെ സ്നേഹപ്രകടനത്തിനു മുന്നിൽവീണു. ഡൽഹിക്കാരനായ കരൺ കക്കഡ് ബോളിവുഡ് സിനിമാ ലോകവുമായും ക്രിക്കറ്റ് വാതുവയ്പുകാരുമായും വലിയ ബന്ധമുള്ള ആളാണെന്നു സിമ്രാൻ കണക്കുകൂട്ടി.
വൈകാതെ കരണിന്റെ ഫ്ലാറ്റിനു സമീപത്തു തന്നെ അവളും ഫ്ലാറ്റെടുത്തു താമസമായി. ഇതിനിടയിൽ പലൻഡേ പ്രതീക്ഷിക്കാത്ത ഒരു ട്വിസ്റ്റ് തിരക്കഥയിൽ സംഭവിച്ചിരുന്നു.
പ്രണയം അഭിനയിക്കാൻ നിയോഗിക്കപ്പെട്ടിരുന്ന സിമ്രാൻ ശരിക്കും അവനെ പ്രണയിച്ചു തുടങ്ങി. പ്രണയം തലയ്ക്കു പിടിച്ചതോടെ പലൻഡേയുടെ നിർദേശപ്രകാരമുള്ള കാര്യങ്ങൾ ചെയ്യാൻ അവൾ മടികാണിച്ചു.
ഇതോടെ, വെളുക്കാൻ തേച്ചത് പാണ്ടായി മാറുകയാണെന്നു പലൻഡേയ്ക്കു തോന്നി. കരണിനെ എങ്ങനെയും ഒഴിവാക്കിയില്ലെങ്കിൽ സിമ്രാനെതന്നെ തനിക്കു നഷ്ടപ്പെടുമെന്ന് അയാൾക്കു തോന്നി. അതോടെ അയാൾ അതിനുള്ള കുടിലതന്ത്രങ്ങൾ ആലോചിച്ചു.
2012 മാർച്ച് 6 രാത്രി
കോളിംഗ് ബെൽ ചിലയ്ക്കുന്നതു കേട്ടുകൊണ്ടാണ് കരൺ ഫ്ലാറ്റിന്റെ മുൻവാതിൽ തുറന്നത്. മുന്നിൽ ചെറുപുഞ്ചിരിയുമായി വിജയ് പലൻഡേ. വിനയത്തോടെ സൗഹൃദഭാവത്തിൽ സംസാരിച്ച പലേൻഡയെ കരൺ അകത്തേക്കു ക്ഷണിച്ചു.
പ്രത്യേകിച്ച് അപാകതയെന്നും തോന്നാതിരുന്ന കരൺ ഒരു സൗഹൃദ സംഭാഷണമായി മാത്രമേ അയാളുടെ വരവിനെ കരുതിയുള്ളൂ. എന്നാൽ, ഇടയ്ക്കെപ്പോഴോ വീണു കിട്ടിയ അവസരത്തിൽ പിന്നിൽനിന്നു കുടുക്കിട്ട് അയാൾ കരണിനെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തി.
കരണന്റെ ചലനം നിലച്ചു മരണം ഉറപ്പാക്കിയ ശേഷമാണ് ചരടിനെ പിടി അയച്ചത്. തുടർന്ന് നേരത്തെ തയാറാക്കിയ പദ്ധതി പ്രകാരം മൃതദേഹം പല കഷണങ്ങളായി മുറിച്ചു. എന്നിട്ടു വിവിധ പ്ലാസ്റ്റിക് ബാഗുകളിൽ പായ്ക്ക് ചെയ്തു.
തുടർന്നു കരണിന്റെ കാറിന്റെ താക്കോൽ കൈവശപ്പെടുത്തിയ കൊലയാളി അധികം ആരുടെയും ശ്രദ്ധയിൽപ്പെടാതെ ബാഗുകൾ കാറിൽ കയറ്റി. ഫ്ളാറ്റിൽ താൻ വന്നതിന്റെയും കൊലപാതകം നടന്നതിന്റെയും തെളിവുകൾ ഒന്നും അവശേഷിച്ചിട്ടില്ലെന്ന് ഉറപ്പിച്ചു. കരണിന്റെ മൊബൈൽ ഫോണും ഇയാൾ മറക്കാതെ എടുത്തു.
ബാഗുമായി പൂനയിലേക്ക്
മൃതദേഹങ്ങളുടെ ഭാഗങ്ങൾ അടങ്ങിയ ബാഗുമായി പൂനയിലേക്കാണ് ആ കാർ കുതിച്ചുപാഞ്ഞത്. ഇതിനിടെ ബാഗുകൾ ഉപേക്ഷിക്കാനുള്ള ഇടങ്ങളും ഇയാൾ കണ്ടെത്തി. മുംബൈ – പൂന എക്സ്പ്രസ് ഹൈവേയിൽ പലേടത്തായി, വിജനമായ കുറ്റിക്കാടുകളിൽ ആരുടെയും ശ്രദ്ധയിൽപ്പെടാത്ത രീതിയിൽ പ്ലാസ്റ്റിക് ബാഗുകൾ ഉപേക്ഷിച്ചു.
തുടർന്ന്, തനിക്കു പരിചയമുള്ള ഒരാളുടെ (ആൾ വിദേശത്താണ് എന്നറിയാവുന്നതിനാൽ) വീടിന്റെ മുറ്റത്തു കാർ ഉപേക്ഷിച്ച ശേഷം മുംബൈയിലേക്കു തിരിച്ചു.
മുംബൈയിലെത്തിയ പലൻഡെ, തന്റെ വിശ്വസ്ത കൂട്ടാളിയായ ധനജ്ഞയ് ഷിൻഡേയെ കരണിന്റെ ഫോൺ ഏൽപ്പിച്ചു. സിം ഊരി മാറ്റാതെതന്നെ ആ ഫോണുമായി ഡൽഹിയിലേക്കു പുറപ്പെടാൻ അയാളോടു പറഞ്ഞു. ഡൽഹിയിലെത്തുമ്പോൾ ഫോൺ എവിടെയെങ്കിലും ഉപേക്ഷിക്കാനായിരുന്നു അയാൾക്കു കൊടുത്തിരുന്ന നിർദേശം. പോലീസ് ഫോൺ ട്രാക്ക് ചെയ്യുമ്പോൾ കരൺ ഡൽഹിയിലേക്കു പോയതായി തെളിവുണ്ടാക്കുകയായിരുന്നു ലക്ഷ്യം.
അതുപ്രകാരം, ധനജ്ഞയ് ഡൽഹിക്കുള്ള വൈശാലി എക്സ്പ്രസിൽ ആ ഫോണുമായി യാത്രചെയ്തു. ട്രെയിനിന്റെ ടോയ്ലെറ്റിൽ ഫോൺ ഉപേക്ഷിക്കുകയും ചെയ്തു. അരുൺ ടിക്കുവിനെ കൊലപ്പെടുത്താൻ പലൻഡേയെ സഹായിച്ച ധനജ്ഞയ ഷിൻഡേ, മനോജ് ഗജ് കോഷ് എന്നിവരും കൊലപാതകക്കേസിൽ പ്രതികളായി.
സിമ്രാൻ സൂദും പെട്ടു
ചോദ്യം ചെയ്യലിൽ സിമ്രാൻ സൂദും എല്ലാ കാര്യങ്ങളും സമ്മതിച്ചു. വലയിലാക്കുക എന്ന ലക്ഷ്യത്തോടെയാണു താൻ കരണിനെ സമീപിച്ചതെന്ന് അവൾ പറഞ്ഞു. എന്നാൽ, തങ്ങളുടെ അടുപ്പം അതിരുവിടുന്നതായി തോന്നിയ പലൻഡേ തന്നോടു വഴക്കിട്ടിരുന്നെന്നും അവൾ വെളിപ്പെടുത്തി.
കൂടുതൽ അന്വേഷണത്തിൽ പലൻഡേയുടെ പല കുറ്റകൃത്യങ്ങളിലും സിമ്രാനും പങ്കുണ്ടായിരുന്നു എന്നു പോലീസ് കണ്ടെത്തി. പലപ്പോഴും പിടിയിലാവാതെ അവൾ രക്ഷപ്പെടുകയായിരുന്നു. കരൺ കക്കഡ് കൊലക്കേസിൽ സിമ്രാൻ സൂദിനെയും പോലീസ് അറസ്റ്റ് ചെയ്തു.
അരുൺ ടിക്കുവിനെ കൊലപ്പെടുത്തിയ ശേഷം വിജയ് പലൻഡേയെ സഹായിച്ച കുറ്റത്തിന് ഗൗതം വോറ എന്ന സഹായിയും അറസ്റ്റിലായി.
തലയോട്ടിയും അസ്ഥികളും
പലൻഡേയിൽനിന്നു ലഭിച്ച വിവരമനുസരിച്ചു പോലീസ് പൂന- മുംബൈ എക്സ്പ്രസ് ഹൈവേയുടെ പരിസരങ്ങളിൽ തെരച്ചിൽ നടത്തി. ഒരു ബാഗിൽനിന്നു കരണിന്റെ തലയോട്ടിയും കുറച്ച് അസ്ഥികളും ലഭിച്ചു. ബാക്കിയുള്ളവ എങ്ങനെയോ നഷ്ടമായിരുന്നു. വയോധികയായ റീത്തയ്ക്കു തന്റെ മൂത്ത പുത്രന്റേതായി തിരികെ ലഭിച്ചത് അതു മാത്രം!.
(തുടരും)