കോട്ടയം: കുറിച്ചിയിൽ ബജി കച്ചവടക്കാരനെ തിളച്ച എണ്ണയിൽ മുക്കിയ സംഭവത്തിൽ കുറിച്ചി സ്വദേശി മോഹനൻ അടക്കമുള്ള ഏഴു പേർക്കെതിരേ വധശ്രമത്തിന് കേസെടുത്തു. പ്രതികൾ ഒളിവിലാണ്. മോഹനനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് ചിങ്ങവനം പോലീസ് ഇയാളുടെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല.
കുറിച്ചി കാലായിപ്പടിയിൽ പോലീസ് ക്വാർട്ടേഴ്സിനു മുന്നിൽ ബജിക്കട നടത്തുന്ന മന്ദിരം കവല അന്പാടി വീട്ടിൽ മണിലാലി(35)നാണ് ഗുരുതരമായി പൊള്ളലേറ്റത്.
തൊഴിലാളികളായ അർജുനൻ (27), അനുലാൽ (27) എന്നിവർക്കും പൊള്ളലേറ്റു. മൂവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചിനാണു സംഭവം. മണിലാലിന്റെ മൊഴി പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
മോഹനൻ സ്ഥിരമായി ബജിക്കടയിൽ കാപ്പികുടിക്കാൻ എത്തുന്നതാണ്. ഇന്നലെ ഇയാൾ കാപ്പി കുടിച്ച പണം നല്കിയില്ല. ഇതേ ചൊല്ലി ഏറെ നേരം തർക്കം നടന്നു. കുറെ നേരം കഴിഞ്ഞ് ഏതാനും പേരെ കൂട്ടി വന്ന് മണിലാലിനെ ആക്രമിച്ച് തിളച്ച എണ്ണയിൽ മുക്കുകയായിരുന്നു.
കടയിലെ തൊഴിലാളികളെ മർദിക്കുകയും തിളച്ച എടുത്ത് ഇവരുടെ ദേഹത്തേക്കു ഒഴിക്കുകയും ചെയ്തു. സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും അക്രമിസംഘം ഓടി രക്ഷപ്പെട്ടു. തുടർന്ന് പൊള്ളലേറ്റവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.