കോഴിക്കോട്: വീട്ടില്‍ കയറി ഗൃഹനാഥനേയും കുടുംബത്തേയും ആക്രമിച്ച കേസിലെ പ്രതികളുടെ മുന്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. മലപ്പുറം സ്വദേശി കാരാടന്‍ സുലൈമാന്‍ , സഹോദരന് ഹാരീസ്, സഫ്രാദ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈകോടതി തള്ളിയത്. പ്രതികളോട് ജൂലെ 31 നകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.
അന്വേഷണഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാവുകയും കേസ് നടത്തിപ്പിനായി സഹകരിക്കണമെന്നും കോടതി ഉത്തരവിട്ടു. അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകുന്ന പ്രതികളെ ക്രമിനില്‍ കേസ് പ്രകാരം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ജൂണ്‍ 28 നാണ് കേസിനാസ്പദമായ സംഭവം. പ്രവാസി വ്യവസായിയും കെ.പി.ചന്ദ്രന് റോഡിലെ മലബാര്‍ ഹില്‍സ് വില്ലയിൽ താമസക്കാരനുമായ മുഹമ്മദ് ഇക്ബാലിന്റെ വീട്ടില്‍ കയറിയാണ് ആക്രമണം നടത്തിയത്. കാരാടന്‍ സുലൈമാന്റെ നേതൃത്വത്തിലുള്ള സംഘം ഇക്ബാലിനേയും കുടുംബത്തേയും ആക്രമിക്കുകയായിരുന്നു. കൂടാതെ വില്ലയിലെ സുരക്ഷാജീവനക്കാരയും മര്‍ദ്ദിച്ചെന്നാണ് കേസ്. സംഭവത്തില്‍ കണ്ടാലറിയാവുന്ന നാലുപേരെ കൂടാതെ ആറുപേര്‍ കൂടി ഉണ്ട്. ഇതില്‍ രണ്ടുപേരെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സുലൈമാനും മറ്റുള്ളവര്‍ക്കുമെതിരേ ഇക്ബാല്‍ നടക്കാവ് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ബിനോയ് കോടിയേരി വിഷയത്തിൽ സുലൈമാൻ മുംബൈയിൽ ഇടനിലക്കാരനായി പ്രവർത്തിച്ചെന്നും,അതിനാലാണ് സുലൈമാനടക്കം മുഖ്യപ്രതികളെ ഒഴിവാക്കി ചെറുമീനുകളെ അറസ്റ്റ്ചെയ്തതെന്നും ആരോപണമുയർന്നിരുന്നു. ഇതിനിടെ സുലൈമാന്‍ , സഹോദരന് ഹാരിസ് എന്നിവര്‍ മജിസ്ട്രേറ്റ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. എന്നാല്‍ ഇത് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈകോടതിയെ സമീപിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ കാട്ടുമുണ്ട നടുവത്ത് നജ്മല്‍ (28), ചങ്ങരംകുളം കാരാടന്വീട്ടില് അബ്ദുള്‍ ഗഫൂര്‍(47) എന്നിവരെ മാത്രമാണ് നടക്കാവ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. കേസിലുള്‍പ്പെട്ട അഞ്ചോളം പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവം നടന്ന് ഒരു മാസമാവാറായിട്ടും പ്രതികളെ പിടികൂടാത്തതിനു പിന്നില്‍ ഉന്നതരാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകളുണ്ടെന്നാണറിയുന്നത്. ബിനോയ് കോടിയേരി പ്രതിയായ സ്ത്രീപീഡന കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് സുലൈമാന്‍ മുംബെയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതാണെന്നും അതിനാല്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പോലീസ് ഒത്തുകളിക്കുകയാണെന്നുമാണ് ഉയരുന്ന ആരോപണം.
നേരത്തെ കാരാടന്‍ സുലൈമാന്‍, എംപിയുടെ മകനേയും കുടുംബത്തേയും വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ടായിരുന്നു . പണം നല്‍കാനുണ്ടെന്ന കാരണത്താല്‍ വീട്ടില്‍ അതിക്രമിച്ചുകയറുകയും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി വ്യക്തമാക്കി മലാപ്പറന്പ് ഫ്ളോറിക്കന്‍ ഹില്റോഡിലെ കളത്തില്‍ അവന്യൂവില്‍ താമസക്കാരനായ ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയുടെ മകന് ഇ.ടി. ഫിറോസാണ് പരാതിയുമായി രംഗത്തെത്തിയത്. മെയ് 13 ന് സിറ്റി പോലീസ് കമ്മീഷണര്‍ക്കും കഴിഞ്ഞ മാസം 10 ന് ചേവായൂര്‍ സിഐയ്ക്കും കാരാടന്‍ സുലൈമാനെതിരേ പരാതി നല്‍കിയിരുന്നു.
എന്നാല്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നാണറിയുന്നത്. സിപിഎം സംസ്ഥാനനേതൃത്വത്തിലെ ചിലരുമായി സുലൈമാനുള്ള ബന്ധമാണത്രെ പോലീസിനെ കൂച്ചുവിലങ്ങിടുന്നതിനു കാരണം. ഈ പരാതി നിലനില്‍ക്കെയാണ് ജൂണ്‍ 28 ന് പ്രവാസി വ്യവസായിയായ ഇക്ബാല്‍ എന്നയാളുടെ വീട്ടില്‍ കയറി സുലൈമാനും സംഘവും ആക്രമണം നടത്തിയത്. സ്ഥിരം പ്രശ്നക്കാരനായ സുലൈമാനെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തി നടപടി സ്വീകരിക്കണമെന്ന് പോലീസിലെ ഒരുവിഭാഗം ആവശ്യപ്പെട്ടതായും ഉന്നത പോലീസ് നേതൃത്വം ഇതിനു വഴങ്ങിയില്ലെന്നും അറിയുന്നു.