കോഴിക്കോട്: വീട്ടില്‍ കയറി ഗൃഹനാഥനേയും കുടുംബത്തേയും ആക്രമിച്ച കേസില്‍ കാരാടന്‍ സുലൈമാന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ കീഴടങ്ങിയില്ല. അന്വേഷണഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാന്‍ പ്രതികള്‍ക്ക് ഇന്ന് രാവിലെ ഒന്‍പത് മണിവരെ ഹൈക്കോടതി സമയം അനുവദിച്ചിരുന്നതെങ്കിലും ഇത് വീണ്ടും നീട്ടി. കീഴടങ്ങുന്നതിനു വേണ്ടി 10 ദിവസം കൂടി കോടതി അനുവദിച്ചിട്ടുണ്ടെന്ന് നടക്കാവ് സിഐ പി.കെ.അഷ്റഫ് അറിയിച്ചു.
മലപ്പുറം സ്വദേശി കാരാടന്‍ സുലൈമാന്‍ , സഹോദരന് ഹാരീസ്, സഫ്രാദ് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാണ് 31 നകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകണമെന്നും കേസ് നടത്തിപ്പിനായി സഹകരിക്കണമെന്നും കോടതി കഴിഞ്ഞാഴ്ച ഉത്തരവിട്ടത്. സമയപരിധി തീരുന്നതിനു തൊട്ടുമുമ്പായാണ് വീണ്ടും കോടതിയെ സമീപിച്ച് സമയം നീട്ടിയത്.
അതേസമയം സുലൈമാനെ കണ്ടെത്തുന്നതില്‍ പോലീസ് വേണ്ടത്ര അന്വേഷണം നടത്തുന്നില്ലെന്നാണ് ഉയരുന്ന ആരോപണം. ബിനോയ് കോടിയേരി വിഷയത്തില്‍ സുലൈമാന്‍ മുംബൈയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്നും ഉന്നത രാഷ്ട്രീയ ബന്ധമുള്ളതിനാലാണ് സുലൈമാനെ പിടികൂടാന്‍ പോലീസിനു മേല്‍ സമ്മര്ദ്ദമുള്ളതെന്നും ആരോപണമുയര്‍ന്നിരുന്നു.
ഇക്കഴിഞ്ഞ ജൂണ്‍ 28 നാണ് കേസിനാസ്പദമായ സംഭവം. പ്രകവാസി വ്യവസായിയും കെ.പി.ചന്ദ്രന് റോഡിലെ മലബാര്‍ ഹില്‍സ് വില്ലയില്‍ താമസക്കാരനുമായ മുഹമ്മദ് ഇക്ബാലിന്റെ വീട്ടില്‍ കയറിയാണ് ആക്രമണം നടത്തിയത്. കാരാടന്‍ സുലൈമാന്റെ നേതൃത്വത്തിലുള്ള സംഘം ഇക്ബാലിനേയും കുടുംബത്തേയും ആക്രമിക്കുകയായിരുന്നു. കൂടാതെ വില്ലയിലെ സുരക്ഷാജീവനക്കാരയും മര്‍ദിച്ചെന്നാണ് കേസ്. സംഭവത്തില്‍ കണ്ടാലറിയാവുന്ന നാലുപേരെ കൂടാതെ ആറുപേര്‍ കൂടി ഉണ്ട്. ഇതില്‍ രണ്ടുപേരെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സുലൈമാനും മറ്റുള്ളവര്‍ക്കുമെതിരേ ഇക്ബാല്‍ നടക്കാവ് പോലീസില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. സംഭവവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ കാട്ടുമുണ്ട നടുവത്ത് നജ്മല്‍ (28), ചങ്ങരംകുളം കാരാടന്വീട്ടില് അബ്ദുള്‍ ഗഫൂര്‍(47) എന്നിവരെ മാത്രമാണ് നടക്കാവ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. കേസിലുള്‍പ്പെട്ട അഞ്ചോളം പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.