പേരാമ്പ്ര : ആന, കടുവ, പോത്ത്, പന്നി, മുള്ളൻപന്നി, കുരങ്ങ് എന്നിവക്കു പിന്നാലെ പെരുവണ്ണാമൂഴി വനാതിർത്തി മേഖലയിൽ കരടിയുമെത്തിയെന്ന പ്രചരണം വന്നതോടെ ആശങ്കയൊഴിയാതെ മലയോര കർഷകർ. ചക്കിട്ടപാറ പഞ്ചായത്തിൽ പെട്ട പന്നിക്കോട്ടൂർ കോളനി മേഖലയിലാണു കഴിഞ്ഞ ദിവസം കരടിയെത്തിയെന്ന വിവരം പരന്നത്.
വനം വകുപ്പ് അധികൃതർ പരിശോധന നടത്തിയെങ്കിലും ഇതിനെ കണ്ടെത്തിയില്ലെന്നു പറയുന്നു.
അതേ സമയം മാസങ്ങൾക്കു മുമ്പ് തന്നെ പെരുവണ്ണാമൂഴി വനമേഖലയിൽ കരടിയെത്തിയെന്നാണു ലഭിക്കുന്ന സൂചന.
മലബാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമാണു പെരുവണ്ണാമൂഴിയെന്നതിനാൽ ഇതിൽ അതിശയപ്പെടേണ്ടതില്ലെന്ന നിലപാടിലാണു വനപാലകർ.
പഴയതും പുതിയതുമായ വന്യമൃഗങ്ങൾ കാട്ടിലെത്തുന്നതിൽ നാട്ടുകാർക്ക് എതിർപ്പില്ല. അതേ സമയം ഇവറ്റകൾ നാട്ടിലിറങ്ങി സ്വകാര്യ വ്യക്തികൾക്കും ഇവരുടെ ജീവനും സ്വത്തിനും ഭീഷണി വരുത്തുന്നതാണു പ്രശ്നമാകുന്നത്.