പീരുമേട്: കരടിക്കുഴിയിൽ പതിനേഴുകാരി ജീവനൊടുക്കിയ സംഭവത്തിൽ പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നുവെന്ന് ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തി.
കേസിൽ കരടിക്കുഴി സ്വദേശി ആനന്ദ് (23) നെ പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ഡിസംബറിലാണ് അയൽവാസിയുടെ കുളത്തിൽ കരടിക്കുഴി സ്വദേശിനിയായ 17-കാരിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
പോസ്റ്റുമോർട്ടം നടത്തിയപ്പോൾ ശാസ്ത്രീയ പരിശോധനയിൽ പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തിയിരുന്നു.
സംശയത്തെ തുടർന്ന് പീരുമേട് പോലീസ് സമീപത്തുള്ള മൂന്നു യുവാക്കളെ ചോദ്യംചെയ്യുകയും ഡിഎൻഎ സാന്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും ചെയ്തിരുന്നു.
ഡിഎൻഎ പരിശോധനാഫലം പോസിറ്റീവ് ആയതോടെയാണ് സമീപവാസിയായ ആനന്ദിനെ പോലീസ് അറസ്റ്റുചെയ്തത്.
പ്രതി കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നതായും മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയങ്ങളിൽ പ്രതി ആനന്ദ് പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ച് പീഡിപ്പിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
കോവിഡ് പരിശോധനയ്ക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. ഡിഎൻഎ പരിശോധനയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്.