കോയന്പത്തൂരിലെ കോളജ് കാന്റീനിൽ ഭക്ഷണം കഴിക്കാനെത്തിയ കർഷകന്റെ പ്രവർത്തിയെക്കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു.
ഇസ്മായിൽ ഹസ്സനാണ് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. മകന്റെ കോളജിൽ എത്തിയപ്പോഴാണ് കാന്റീനിൽ ഭക്ഷണം കഴിക്കാനെത്തിയ കർഷകനെ ഇസ്മായിൽ കാണുന്നത്.
ഭക്ഷണം കയ്യിൽ കിട്ടിയപ്പോൾ പവിത്രമായതെന്തോ കണ്ടപോലെ അദ്ദേഹം അത് കൊണ്ടുവന്നു ടേബിളിൽ വച്ച് നഗ്നപാദനായിത്തന്നെ നിന്ന് ആദ്യം ഭക്ഷണത്തെ വണങ്ങിയിട്ട് പിന്നീട് അത് കഴിക്കുകയായിരുന്നെന്ന് കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
#ആകാലുകളിലൊന്നുനമസ്ക്കരിക്കാൻതോന്നി..
മക്കളുടെയോ മറ്റോ അഡ്മിഷനുമായി ബന്ധപ്പെട്ടാണെന്നു തോന്നുന്നു,
എന്റെ മോൻ Salman Ismailhassan കൂടി പഠിക്കുന്ന കോയമ്പത്തൂരിലെ PSG കോളേജിലെത്തിയ തമിഴ് ഭാഷയിൽ പറഞ്ഞാൽ ഒരു വ്യവസായി (കർഷകൻ) ആണ് ഇദ്ദേഹം..
അപ്രതീക്ഷിതമായി കോളേജ് കാന്റീനിലെത്തിയ Salman അവിടെ വച്ചു കണ്ട ഇദ്ദേഹത്തെ ശ്രദ്ധിച്ചു. ചെരുപ്പ് ഊരി മാറ്റി ഭക്ഷണത്തിന് ഒാർഡർ ചെയ്യുന്നതു കണ്ടപ്പോഴാണ് അവനതു ശ്രദ്ധിച്ചത്.
അദ്ദേഹത്തിന്റെ കാലുകളിലേയ്ക്കു തന്നെയായിരുന്നു അവന്റെ ശ്രദ്ധ.
ഭക്ഷണം കയ്യിൽ കിട്ടിയപ്പോൾ പവിത്രമായതെന്തോ കണ്ടപോലെ അദ്ദേഹം അത് കൊണ്ടുവന്നു ടേബിളിൽ വച്ച് നഗ്നപാദനായിത്തന്നെ നിന്ന് ആദ്യം ഭക്ഷണത്തെ വണങ്ങിയിട്ട് പിന്നീട് അത് കഴിക്കുന്നതാണവൻ കണ്ടത്.
മുഴുവനും കഴിച്ച ശേഷമാണ് അദ്ദേഹം ചെരുപ്പുകൾ ധരിച്ചത്. അപ്പോഴാണ് അദ്ദേഹത്തെക്കുറിച്ച് അന്വേഷിച്ചതും കർഷകനാണെന്നു മനസ്സിലാക്കിയതും..
ഭൂമി നൽകിയ ഭക്ഷണം കഴിച്ചപ്പോൾ അദ്ദേഹം ഭൂമിയെയും തന്നെയും ആ ചെരുപ്പുകൾ കൊണ്ട് അകറ്റിയില്ലാ എന്നു കൃത്യമായി ബോദ്ധ്യപ്പെട്ടപ്പോൾ അത് അവനാകെ പുതിയൊരനുഭവവും അത്ഭുതവുമായിരുന്നു..
നമ്മുടെ ഭാരതത്തെ സംബന്ധിച്ചിടത്തോളം, അദ്ദേഹം കഴിച്ച ഭക്ഷണത്തിലല്ലാ, അദ്ദേഹത്തിൽ തന്നെയാണു ദൈവാംശം അടങ്ങിയിരിക്കുന്നതെന്നു ബോദ്ധ്യപ്പെടാൻ സൽമാന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലാ!!!
#ഇൻഡ്യൻകർഷകർക്ക്ഐക്യദാാർഢ്യം…