കോട്ടയം: വീടുവിട്ട് നാടുചുറ്റാനിറങ്ങിയ പതിനാറുകാരൻ അഞ്ചു ദിവസത്തിനു ശേഷം കോട്ടയത്ത് റെയിൽവേ പോലീസിന്റെ പിടിയിലായി. കട്ടപ്പന കാഞ്ചിയാറിൽനിന്നു കാണാതായ പതിനാറുകാരൻ ഗോവയും തിരുവനന്തപുരവും ചുറ്റിയ ശേഷം കോട്ടയത്ത് എത്തിയപ്പോഴാണ് റെയിൽവേ പോലീസിന്റെ പിടിയിലായത്.
ഞായറാഴ്ച രാത്രി പത്തരയോടെ കോട്ടയം റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ പോലീസ് പരിശോധനയ്ക്കിടെ ടിക്കറ്റില്ലാതെ ഇരിക്കുകയായിരുന്ന കൗമാരക്കാരനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് നാടുചുറ്റൽ കഥയുടെ ചുരുളഴിഞ്ഞത്.
കഴിഞ്ഞ 17ന് വീടുവിട്ടിറങ്ങിയ പയ്യൻ ഗോവ, പനവേൽ എന്നിവിടങ്ങളിൽ ചുറ്റിയടിച്ച ശേഷമാണ് കോട്ടയത്ത് എത്തിയത്. റെയിൽവേ പോലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ ആദ്യം പറഞ്ഞത് സൗത്ത് ഇന്ത്യൻ കബഡി മത്സരത്തിനായി പോയതാണെന്ന്.
കബഡി കളിക്കാൻ പോകുന്പോൾ ഉപയോഗിക്കുന്ന ജഴ്സിയും മറ്റും എവിടെയെന്ന് ചോദിച്ചപ്പോൾ കാര്യങ്ങൾ മാറ്റി പറയാൻ തുടങ്ങി. തുടർന്ന് ഇയാളെ റെയിൽവേ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇയാളുടെ വീട്ടിലെ ഫോണ് നന്പർ വാങ്ങി വിളിച്ചപ്പോഴാണ് ഒരാഴ്ചയായി കാണാനില്ലെന്ന വിവരം ലഭിച്ചത്. പിന്നീട് കട്ടപ്പന പോലീസിൽ വിവരമറിയിച്ചു. രാത്രി ഒന്നരയോടെ കട്ടപ്പന പോലീസും ബന്ധുക്കളും എത്തി കൂട്ടിക്കൊണ്ടു പോയി.
കാണാതായപ്പോൾ എല്ലാ പോലീസ് സ്റ്റേഷനുകളിലക്കും ഫോട്ടോ അടക്കമുള്ള അറിയിപ്പുകൾ നൽകിയിരുന്നു. ഒരാഴ്ചയായിട്ടും വിദ്യാർഥിയെ കണ്ടുകിട്ടാത്തതിനെ തുടർന്ന് പ്രതിഷേധത്തിന് തയാറെടുക്കുന്പോഴാണ് ആളെ കിട്ടിയ വാർത്തയെത്തിയത്.