കാറളം: തലചായ്ക്കാനിടമില്ലാത്ത ഒരുപറ്റം നിർധനരുടെ കാത്തിരിപ്പിന് ഇനിയും വിരാമമായിട്ടില്ല. കാറളം പഞ്ചായത്തിൽ വെള്ളാനിയിൽ ഭൂരഹിതർക്കും ഭവനരഹിതർക്കുമായി ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണം തുടക്കത്തിലേ നിലച്ചതോടെയാണ് ഇവരുടെ കാത്തിരിപ്പിനു മങ്ങലേറ്റത്.
കൃത്യമായ രൂപരേഖയില്ലാതെ നിർമാണം ആരംഭിച്ചതാണു പദ്ധതി പാതിവഴിയിലാക്കിയത്.ലൈഫ് മിഷനോടു പുതിയ രൂപരേഖ നല്കാൻ പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു.
2020 സെപ്റ്റംബർ 24 നു മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈൻ വഴിയാണ് ഇതിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചത്.
മന്ത്രി എ.സി. മൊയ്തീൻ, പ്രഫ. കെ.യു. അരുണൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ഉദയപ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാർ, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് എന്നിവർ സന്നിഹിതരായിരുന്നു.
ആറുമാസം കൊണ്ടു പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഒരുവർഷം പിന്നിട്ടിട്ടും കോണ്‍ക്രീറ്റ് തൂണുകൾ മാത്രമാണു സ്ഥാപിച്ചിട്ടുള്ളത്.