
ഭാര്യയെയും മകളെയും വെട്ടിയശേഷം ഭർത്താവ് കിണറ്റിൽ ചാടി
കാറളം: ഭാര്യയേയും മകളെയും വെട്ടിയശേഷം ഭർത്താവ് കിണറ്റിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു. കാറളം വെള്ളാനി പവർ ഹൗസിനു സമീപം പുതുകാട്ടിൽ ഉണ്ണികൃഷ്ണന്റെ ഭാര്യ മഞ്ജു (40), മകൾ കൃഷ്ണപ്രിയ (13) എന്നിവർക്കാണ് വെട്ടേറ്റത്.
കിണറ്റിൽ ചാടിയ ഭർത്താവ് ഉണ്ണികൃഷ്ണനെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് സംഭവം. ഭാര്യയുമായുണ്ടായ വഴക്കിനെ തുടർന്ന് ഭാര്യയെ മണെണ്ണ ഒഴിച്ച് തീ കൊളുത്തുവാൻ ഉണ്ണികൃഷ്ണൻ ശ്രമിച്ചു.
ഇതിനിടയിൽ കുതറി ഓടിമാറിയ മഞ്ജുവിനെ വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ബഹളം കേട്ടുണർന്ന മകൾ കൃഷ്ണപ്രിയക്ക് അമ്മയെ വെട്ടുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് വെട്ടേറ്റത്.
മഞ്ജുവിന് തലക്ക് പിന്നിലും ചുമലിലുമാണ് വെട്ടേറ്റത്. ഉണ്ണികൃഷ്ണന്റെ സംശയരോഗമാണ് വഴക്കിനു കാരണമെന്ന് പോലീസ് പറഞ്ഞു.