ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ആറുവർഷം മുന്പ് നിർമാണമാരംഭിച്ച സന്പൂർണ കുടിവെള്ളപദ്ധതി ഇനിയും പൂർത്തിയായില്ല. പണി പൂർത്തിയാക്കാൻ ആവശ്യമായ ഫണ്ടനുവദിക്കാതിരുന്നതാണു നിർമാണത്തിനു തടസമായിരുന്നത്. എന്നാൽ പണി പൂർത്തിയാക്കാനാവശ്യമായ തുക ലഭ്യമാക്കിയിട്ടുണ്ടെങ്കിലും കാറളത്ത് പൈപ്പിടാൻ പിഡബ്ല്യുഡി റോഡ് പൊളിക്കാൻ കഴിയാത്തതാണു ഇപ്പോഴത്തെ പ്രതിസന്ധി.
പടിയൂർ, പൂമംഗലം, കാട്ടൂർ, കാറളം എന്നീ പഞ്ചായത്തുകൾക്കായി 2012 ൽ നബാഡിന്റെ സഹായത്തോടെ 40 കോടി രൂപ ചെലവഴിച്ച് ആരംഭിച്ച സന്പൂർണ കുടിവെള്ളപദ്ധതിയാണു ഇനിയും പൂർത്തിയാകാതെ കിടക്കുന്നത്. കടുത്ത വേനലിൽ പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കെ എത്രയുംവേഗം പദ്ധതി പൂർത്തിയാക്കണമെന്നാണു ജനങ്ങളുടെ ആവശ്യം.
ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ ഉണർന്നുപ്രവർത്തിക്കുന്നില്ലെന്നു ആക്ഷേപം ശക്തമാണ്. കാറളം പഞ്ചായത്തിൽ കാട്ടൂർ റോഡിൽ 482 മീറ്റർ പൈപ്പിടാനാണു ബാക്കിയുള്ളത്. ഇവിടെ പൈപ്പുവലിച്ച് താണിശേരി സെന്ററിൽനിന്ന് റോഡിനു കുറുകെ പൈപ്പിട്ട് പന്പിംഗ് മെയിനിലേക്കു ബന്ധിപ്പിച്ചാൽ കാറളം പഞ്ചായത്തിൽ പദ്ധതി കമ്മിഷൻ ചെയ്യാനാകും. എന്നാൽ പുതുതായി മെക്കാഡം ടാറിട്ട കാട്ടൂർ റോഡ് വീണ്ടും വെട്ടിപൊളിച്ച് പൈപ്പിടാൻ പൊതുമരാമത്തുവകുപ്പ് അനുമതി നൽകാൻ തയാറല്ല.
റോഡുപൊളിച്ച് പൈപ്പിട്ട് വീണ്ടും ടാറിടാൻ ആവശ്യമായ തുക പദ്ധതി വഹിക്കണമെന്നാണു പൊതുമരാമത്തുവകുപ്പ് പറയുന്നത്. ഇതിനാവശ്യമായ നടപടികൾ പൂർത്തിയാക്കി വേഗത്തിൽ തീരുമാനമെടുക്കുന്നതിനു മന്ത്രിതലത്തിൽ ഒരു അടിയന്തര ഇടപെടൽ വേണമെന്നാണു ജനങ്ങളുടെ ആവശ്യം. സന്പൂർണ കുടിവെള്ളപദ്ധതി കമ്മിഷൻ ചെയ്താൽ പ്രതിദിനം ഒരാൾക്ക് 70 ലിറ്റർ വെള്ളം വീതം നാലു പഞ്ചായത്തുകളിലായി 91 ലക്ഷം ലിറ്റർ വെള്ളം ലഭിക്കും.
കരുവന്നൂർ പുഴയെ അടിസ്ഥാനപ്പെടുത്തി 2012 ൽ നിർമാണമാരംഭിച്ച പദ്ധതി രണ്ടു വർഷംകൊണ്ട് കമ്മിഷൻ ചെയ്യുമെന്നാണു പ്രഖ്യാപിച്ചിരുന്നത്. ഇതിന്റെ ഭാഗമായി കരുവന്നൂർപുഴയിൽ ഇല്ലിക്കലിൽ ഇൻടെക് വെൽ നിർമാണവും പ്രതിദിനം 91 ലക്ഷം ലിറ്റർ ജലം ശുദ്ധീകരിക്കാവുന്ന ശുദ്ധീകരണശാല കാറളത്തും നിർമാണം പൂർത്തിയാക്കി. റോ വാട്ടർ, ക്ലീയർ വാട്ടർ പന്പുസെറ്റുകൾ പൂർത്തീകരിച്ചു.
വിതരണശൃംഖല 198 കിലോമീറ്റർ പൂർത്തീകരിച്ചു. എന്നാൽ 2014 ൽ കാട്ടൂർ പഞ്ചായത്തിൽ മാത്രമാണു കുടിവെള്ളപദ്ധതി പൂർത്തിയാക്കി വിതരണമാരംഭിക്കാൻ സാധിച്ചത്. ബാക്കി പൂമംഗലത്തും പടിയൂരും കാറളത്തും ജലസംഭരണികൾ നിർമാണം പൂർത്തിയാക്കി. പൂമംഗലം പഞ്ചായത്തിൽ വിതരണ പൈപ്പുലൈൻ ഇനിയും പൂർത്തിയായിട്ടില്ല. വളവനങ്ങാടി മുതൽ പൂമംഗലം പഞ്ചായത്തിലേക്കു ആറു കിലോമീറ്ററോളം ഇനിയും പൈപ്പിടാനുണ്ട്.
ഇതിനായി പൊതുമരാമത്തുവകുപ്പിൽ പണമടച്ച് അനുമതി നേടിയിട്ടുണ്ട്. അടുത്തുതന്നെ പൈപ്പിടൽ പൂർത്തിയാക്കാനാകുമെന്നാണു അധികൃതർ പറയുന്നത്. എന്നാൽ പദ്ധതി വൈകുന്നത് ഏറെ രൂക്ഷമായി ബാധിച്ചിരിക്കുന്നതു പടിയൂർ പഞ്ചായത്തിലാണ്. ടാങ്ക് നിർമിച്ച് ഒരുവർഷം കഴിഞ്ഞെങ്കിലും ഇതുവരെയും പ്രവർത്തനസജ്ജമായിട്ടില്ല.