നെയ്യാറ്റിന്‍കര : കരമന -കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ ഭാഗമായ പ്രാവച്ചന്പലം, ബാലരാമപുരം, കൊടിനട വരെയുള്ള പ്രദേശത്തെ പ്രവൃത്തികള്‍ മന്ദഗതിയിലെന്ന് ആക്ഷേപം. ശാസ്ത്രീയമായ രീതിയിലല്ല നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
ബാലരാമപുരത്തിനു സമീപം മുടവൂര്‍പ്പാറ-മുക്കംപാലമൂട് റോഡിന്റെ തുടക്കത്തിലും എസ്എന്‍ഡിപി മന്ദിരത്തിനു സമീപത്തെ സമാന്തര റോഡും പൊളിച്ചിട്ടിരിക്കുകയാണ്.
മുടവൂര്‍പ്പാറയില്‍ റോഡ് ദേശീയപാതയിലേയ്ക്ക് ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജെസിബി ഉപയോഗിച്ച് പൊളിച്ചതോടെ അതുവഴിയുള്ള വാഹനഗതാഗതം നിലച്ചു. മുക്കംപാലമൂടിനും സമീപപ്രദേശങ്ങളിലുമുള്ളവർ മുടവൂര്‍പ്പാറയില്‍ എത്തണമെങ്കിൽ രണ്ടുകിലോമീറ്റര്‍ ചുറ്റി എത്തേണ്ട ഗതികേടിലാണ്.
മണ്ണുമാറ്റലിനായി ജെസിബി ഉപയോഗിച്ചപ്പോള്‍ ഈ പ്രദേശങ്ങളില്‍ മണിക്കൂറുകളോളം വൈദ്യുതി വിച്ഛേദിക്കപ്പെട്ടെന്ന് നാട്ടുകാർ പറയുന്നു. മുടവൂര്‍പ്പാറയിലെ ട്രാന്‍സ്ഫോര്‍മര്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട തീരുമാനം എങ്ങുമെത്തിയില്ലെന്നും ആരോപണമുണ്ട്.
കൊടിനടയില്‍ പാത വികസനം സംബന്ധിച്ച തര്‍ക്കത്തിന് ശാശ്വത പരിഹാരമായിട്ടില്ല. കൊടിനട ബാലരാമപുരം പ്രദേശത്തെ വികസനം കൊടിനട വരെയുള്ള പ്രവൃത്തികള്‍ പൂര്‍ത്തിയായതിനു ശേഷമേ സാധ്യമാകൂ. കൈത്തറിയുടെ നാടായ ബാലരാമപുരം വ്യാപാരകേന്ദ്രം കൂടിയാണ്.
വര്‍ഷങ്ങളായി ഈ ജംഗ്ഷന് ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ്. ജംഗ്ഷനിലെ തിരക്ക് പരിഗണിച്ച് മേല്‍പ്പാലം, അടിപ്പാത എന്നിങ്ങനെ പല ആശയങ്ങളും മുന്നോട്ടുവന്നിരുന്നു. പക്ഷെ ഇതിനുള്ള സ്ഥലമെടുപ്പ് ഉള്‍പ്പെടെയുള്ള മുന്നൊരുക്ക പദ്ധതികള്‍ കൃത്യമായി നടപ്പിലായിട്ടില്ലെന്നും ആരോപണമുണ്ട്.
ബാലരാമപുരത്ത് ഗതാഗതം താളം തെറ്റുന്പോള്‍ അനുബന്ധമായി നെയ്യാറ്റിന്‍കര വരെയും ഈ ദുരിതം യാത്രക്കാര്‍ അനുഭവിക്കേണ്ടിവരുന്നു. ബാലരാമപുരത്തെ ഗതാഗതക്കുരുക്കിലെ വാഹനങ്ങളുടെ നിര വഴിമുക്കിനപ്പുറവും നീളാറുണ്ട്. നെയ്യാറ്റിന്‍കര ആലുംമൂട് ജംഗ്ഷനിലും ഇത്തരത്തില്‍ ഗതാഗതക്കുരുക്ക് പതിവാണ്.