തിരുവനന്തപുരം: കരമന കൂടത്തിൽ കുടുംബത്തിലെ ഭൂമി ഉൾപ്പെടെയുള്ള വസ്തുവകകൾ തട്ടിയെടുത്തെന്ന പരാതിയിൽ കരമന പോലീസ് കാര്യസ്ഥൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തു. കൂടത്തിൽ കുടുംബത്തിലെ ജയമാധവന്റെ കാര്യസ്ഥൻ രവീന്ദ്രൻ, മുൻ കളക്ടർ മോഹൻദാസ്, ജയമാധവന്റെ സഹായികളായിരുന്ന സഹദേവൻ, വീട്ടു ജോലിക്കാരി ലീല എന്നിവർ ഉൾപ്പെടെ 12 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്.
രവീന്ദ്രൻ നായർ ഒന്നാം പ്രതിയും മുൻ കളക്ടർ മോഹൻദാസ് പത്താം പ്രതിയുമാണ്. മരണപ്പെട്ട ജയമാധവന്റെ ബന്ധു പ്രസന്നകുമാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. തനിക്ക് അവകാശപ്പെട്ട ഭൂമി ജയമാധവൻ ജീവിച്ചിരിക്കെ രവീന്ദ്രൻ നായർ ഉൾപ്പെടെയുള്ള സഹായികളും ബന്ധുക്കളും തട്ടിയെടുത്തെന്നാണ് പ്രസന്നകുമാരിയുടെ പരാതി. മുൻ കളക്ടർ മോഹൻദാസിന്റെ ഭാര്യ കൂടത്തിൽ കുടുംബാംഗമാണ്.
മോഹൻദാസിന്റെ ഒൗദ്യോഗിക സഹായം പ്രതികൾക്ക് ലഭിച്ചിട്ടുണ്ടെന്നാണ് പ്രസന്നകുമാരിയുടെ പരാതിയിൽ പറയുന്നത്. 2017 ലാണ് ജയമാധവൻ മരണമടഞ്ഞത്. കാര്യസ്ഥൻ രവീന്ദ്രൻ നായരും വീട്ടു ജോലിക്കാരിയും ചേർന്ന് കട്ടിലിൽ നിന്നും നിലത്ത് വീണ് കിടന്ന ജയമാധവനെ മെഡിക്കൽ കോളജാശുപത്രിയിലെത്തിച്ചപ്പോൾ മരണമടഞ്ഞുവെന്നായിരുന്നു രവീന്ദ്രൻ നായർ വ്യക്തമാക്കിയിരുന്നത്. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചെങ്കിലും അതിന്റെ പരിശോധന ഫലം ലഭിച്ചിരുന്നില്ല.
ഭൂമി തട്ടിപ്പ് കേസായതോടെയാണ് ജയമാധവന്റെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലത്തെക്കുറിച്ച് ചർച്ചയായത്. ആന്തരികാവയവ പരിശോധന ഫലം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കരമന പോലീസ് ഫോറൻസിക് മേധാവി കത്ത് നൽകി.